മെൽബൺ: ഓസ്ട്രേലിയൻ അധോലോകത്തിലെ കുപ്രസിദ്ധ സാന്നിധ്യമായിരുന്ന കാത്ത് പെറ്റിംഗിൽ (91) അന്തരിച്ചു. ‘ഗ്രാനി ഈവിൾ’ (Granny Evil) എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന കാത്ത്, വീനസ് ബേയിലെ നഴ്സിംഗ് ഹോമിൽ വെച്ചാണ് അവസാനശ്വാസം വലിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
സ്വന്തം പേരിൽ ക്രിമിനൽ കേസുകൾ കുറവായിരുന്നെങ്കിലും, അവരുടെ കുടുംബാംഗങ്ങളുടെ കുറ്റകൃത്യങ്ങളിലൂടെയാണ് പെറ്റിംഗിൽ എന്ന പേര് മെൽബണിലെ അധോലോക ചരിത്രത്തിൽ ഇടംപിടിച്ചത്. കാത്തിന്റെ പത്ത് മക്കളിൽ ഭൂരിഭാഗവും പതിറ്റാണ്ടുകളോളം ഓസ്ട്രേലിയൻ പൊലീസിനെ വലച്ച സംഘടിത കുറ്റകൃത്യങ്ങളിലെയും പ്രമുഖ കൊലപാതക കേസുകളിലെയും പ്രധാന പ്രതികളായിരുന്നു.
‘മിസ്റ്റർ ഡെത്ത്’ എന്നറിയപ്പെട്ടിരുന്ന കാത്തിന്റെ മൂത്ത മകൻ ഡെനീസ് അലൻ നിരവധി മയക്കുമരുന്ന് കൊലപാതക കേസുകളിൽ സംശയിക്കപ്പെട്ട വ്യക്തിയായിരുന്നു. എന്നാൽ കൊലപാതക കുറ്റം തെളിയിക്കപ്പെടും മുൻപ്, 1987-ൽ കസ്റ്റഡിയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ വെച്ച് ഇയാൾ മരണപ്പെടുകയായിരുന്നു.

