വാടകക്കാർക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കി വിക്ടോറിയയിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

മെൽബൺ: ന്യായമായ തെളിവുകളില്ലാതെയുള്ള ബോണ്ട് തുക പിടിച്ചുവെക്കൽ, അപേക്ഷാ ഫീസുകൾ, സുരക്ഷിതമല്ലാത്ത താമസസ്ഥലങ്ങൾ എന്നിവയിൽ നിന്ന് വാടകക്കാർക്ക് കൂടുതൽ സംരക്ഷണം നൽകുന്ന പുതിയ വാടക നിയമങ്ങൾ വിക്ടോറിയയിൽ പ്രാബല്യത്തിൽ വന്നു. ഈ ആഴ്ച മുതലാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലായത്.

ഒക്ടോബർ 13 മുതൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം, വാടകക്കാരുടെ ബോണ്ട് തുകയിൽ നിന്ന് പണം ആവശ്യപ്പെടുന്നതിന് മുൻപ് വീട്ടുടമകളും ഏജന്റുമാരും വാടകക്കാരെ മുൻകൂട്ടി അറിയിക്കുകയും ആവശ്യത്തെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കുകയും വേണം. ഇൻവോയ്‌സുകൾ, രസീതുകൾ, ക്വട്ടേഷനുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവ ഇതിനായുള്ള തെളിവുകളായി പരിഗണിക്കും. ബോണ്ട് തുകയിൽ നിന്ന് പണം കുറയ്ക്കുന്നതിന് മുൻപ് തന്നെ കാരണം വ്യക്തമായി മനസ്സിലാക്കാനും അതിനെ ചോദ്യം ചെയ്യാനും വാടകക്കാർക്ക് അവസരമൊരുക്കുകയാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

വാടക അപേക്ഷകൾക്കോ വാടക തുക അടയ്ക്കുന്നതിനോ വാടകക്കാരിൽ നിന്നും പ്രത്യേക ഫീസുകൾ ഈടാക്കുന്നത് പുതിയ നിയമപ്രകാരം കർശനമായി വിലക്കിയിട്ടുണ്ട്. മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകൾ ഇത്തരം ഫീസുകൾ ഈടാക്കുന്നത് മുൻപ് തന്നെ നിരോധിച്ചിരുന്നുവെങ്കിലും, പുതിയ നിയമത്തിലൂടെ ഈ നിരോധനം വീട്ടുടമകൾക്കും റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും നേരിട്ട് ബാധകമാക്കി.

നിലവിലുള്ളതും പുതിയതുമായ എല്ലാ വാടകക്കരാറുകൾക്കും ഗ്യാസ്, ഇലക്ട്രിക്കൽ സുരക്ഷാ പരിശോധനകൾ നിർബന്ധമാക്കിയതാണ് മറ്റൊരു പ്രധാന മാറ്റം. ഗ്യാസ് ഉപകരണങ്ങളോ അനുബന്ധ സൗകര്യങ്ങളോ ഉള്ള എല്ലാ വാടക വീടുകളിലും രണ്ടു വർഷത്തിലൊരിക്കൽ ഗ്യാസ്, ഇലക്ട്രിക്കൽ സുരക്ഷാ പരിശോധനകൾ വീട്ടുടമകൾ പൂർത്തിയാക്കേണ്ടതുണ്ട്. അംഗീകൃത സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗിച്ച് മാത്രമേ ഈ പരിശോധനകൾ നടത്താവൂ. തകരാറിലായ ഹീറ്ററുകൾ, സുരക്ഷിതമല്ലാത്ത വയറിംഗ്, വായുസഞ്ചാരവുമായി ബന്ധപ്പെട്ട തകരാറുകൾ എന്നിവ വാടകക്കാർക്ക് അപകടം വരുത്തുന്നതിന് മുൻപ് തന്നെ കണ്ടെത്തി പരിഹരിക്കാനാണ് സർക്കാർ ഈ മുൻകരുതൽ ഏർപ്പെടുത്തിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *