പെർത്ത്: ജോലിസ്ഥലത്ത് സഹപ്രവർത്തക കൊണ്ടുവന്ന ഭക്ഷണത്തിൽ ഒച്ചുകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന മാരക വിഷാംശമുള്ള ഗുളികകൾ (സ്നെയിൽ പെല്ലറ്റ്സ്) കലർത്തിയ കേസിൽ 43-കാരിക്കെതിരെ പോലീസ് കേസെടുത്തു. തെക്കുകിഴക്കൻ പെർത്തിലെ ഓൾഡ്ബറിയിലുള്ള (Oldbury) ഒരു സ്ഥാപനത്തിൽ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
58-കാരിയായ സഹപ്രവർത്തക ഓഫീസിലെ മറ്റുള്ളവർക്ക് പങ്കിട്ടു കഴിക്കാനായി കൊണ്ടുവന്ന കറിയിലാണ് യുവതി വിഷം കലർത്തിയത്. രാവിലെ ചായ കുടിക്കുന്ന സമയത്ത് ജീവനക്കാരെല്ലാം ഈ കറി കഴിച്ചിരുന്നുവെങ്കിലും അപ്പോൾ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ ഉച്ചഭക്ഷണ സമയത്ത് ബാക്കിവന്ന കറി കഴിക്കാനായി എടുത്ത 58-കാരി ഭക്ഷണത്തിൽ പച്ചനിറത്തിലുള്ള ചെറിയ തരികൾ ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് കറി അല്പം രുചിച്ചു നോക്കിയ ഉടൻ തന്നെ അവരുടെ നാവിന് തരിപ്പ് അനുഭവപ്പെട്ടു.
ഭക്ഷണം ഉടൻ തന്നെ മാറ്റിവെച്ച ഇവർ അത് വിശദമായ പരിശോധനയ്ക്കായി അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. പോലീസിന്റെ ഫോറൻസിക് പരിശോധനയിൽ, കറിയിൽ കലർത്തിയത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കാവുന്ന ‘മെറ്റൽഡിഹൈഡ്’ അടങ്ങിയ ഒച്ചുനാശിനി ഗുളികകളാണെന്ന് സ്ഥിരീകരിച്ചു.
രാവിലെത്തെ ഇടവേളയ്ക്ക് ശേഷം കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ഷെഡ്ഡിൽ കയറിയ പ്രതി, അവിടെനിന്നും വിഷവസ്തു എടുത്ത് ഉച്ചഭക്ഷണം വെച്ചിരുന്ന സ്റ്റാഫ് റൂമിലെത്തി കറിയിൽ കലർത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പരസ്പരം വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നവരാണ് ഇരുവരുമെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് 43-കാരിയെ ഡിറ്റക്ടീവുകൾ അറസ്റ്റ് ചെയ്തത്. മറ്റൊരാളുടെ ജീവനോ ആരോഗ്യത്തിനോ സുരക്ഷയ്ക്കോ ഭീഷണിയുണ്ടാക്കുന്ന തരത്തിൽ ദ്രോഹിക്കാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് മുൻപ് തന്നെ അസ്വാഭാവികത തിരിച്ചറിയാൻ സാധിച്ചത് വലിയൊരു ദുരന്തം ഒഴിവാക്കിയെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് കമ്മീഷണർ കോൾ ബ്ലാഞ്ച് അറിയിച്ചു. പ്രതിയെ നവംബർ 5-ന് അർമഡേൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

