ന്യൂഡൽഹി:നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രക്ഷോഭത്തിന് പിന്നാലെ അടുത്തഘട്ട പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനായി കോക്രോച്ച് ജനതാ പാർട്ടി (CJP)യുടെ കോർ കമ്മിറ്റി യോഗം ഇന്ന് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ആരംഭിച്ചു. സ്ഥാപകൻ അഭിജീത് ദിപ്കെയുടെ വസതിയിലാണ് രണ്ടുദിവസത്തെ യോഗം നടക്കുന്നത്.
ജന്തർ മന്തറിൽ നടത്തിയ പ്രക്ഷോഭത്തിന്റെ തുടർനടപടികൾ, രാജ്യവ്യാപക ‘ലിസണിംഗ് ടൂർ’ സംഘടിപ്പിക്കൽ, യുവാക്കളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങൾ ശേഖരിക്കൽ, സംഘടനയുടെ പ്രവർത്തനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കൽ എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ട. ഭാവിയിലെ സമരപരിപാടികളെക്കുറിച്ചുള്ള തീരുമാനങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.
സംഘടനയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനുള്ള ആലോചന നിലവിലില്ലെന്നും, ജനകീയ സാമൂഹിക പ്രസ്ഥാനമായി തന്നെ മുന്നോട്ടുപോകാനാണ് നിലവിലെ തീരുമാനംെന്നും സിജെപി നേതൃത്വം വ്യക്തമാക്കി. യുവജനങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും അടിസ്ഥാനമാക്കി തുടർപ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുമെന്നും നേതാക്കൾ അറിയിച്ചു.
യോഗം പൂർത്തിയായ ശേഷം ഓഗസ്റ്റ് 6-ന് സംഘടനയുടെ ഭാവി പരിപാടികളും രാജ്യവ്യാപക പര്യടനത്തിന്റെ വിശദാംശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സിജെപി അറിയിച്ചു.

