വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോൺ; ‘സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു’

തിരുവനന്തപുരം:സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഗതാഗതമന്ത്രി സി.പി. ജോൺ ഖേദം പ്രകടിപ്പിച്ചു. സംസാരിക്കുമ്പോൾ വാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീകളെ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുക എന്നത് തന്റെ ഉദ്ദേശമായിരുന്നില്ലെന്നും, പ്രിയദർശിനി പദ്ധതി യുഡിഎഫ് സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേമപദ്ധതികളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ സൗജന്യ യാത്ര ഔദാര്യമല്ല, അവരുടെ അവകാശമാണെന്നും പ്രിയദർശിനി പദ്ധതി തുടരുമെന്നും മന്ത്രി പറഞ്ഞു.

ഖേദപ്രകടനം ആരുടെയെങ്കിലും നിർദേശപ്രകാരമല്ലെന്നും, തെറ്റായ വാക്കുകൾ ഉപയോഗിച്ചതായി തോന്നിയതിനാലാണ് അത് അറിയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ അതിദാരിദ്ര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അതിന് ആശ്വാസമേകാൻ പ്രിയദർശിനി പദ്ധതി സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി കെഎസ്ആർടിസിക്ക് ബാധ്യതയല്ലെന്നും അതിനാവശ്യമായ തുക സർക്കാർ നൽകിവരുകയാണെന്നും മന്ത്രി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *