സ്പൈഡർമാൻ പ്രോ’; ജീവരക്ഷകനായി നിബി തോമസ് സജീവം

തൊടുപുഴ: ചെറുപ്പം മുതലുള്ള കുന്നുകയറ്റവും സാഹസിക താൽപര്യങ്ങളും മുതലാക്കി ജനങ്ങൾക്കും മൃഗങ്ങൾക്കും ഒരുപോലെ ആശ്വാസമേകുന്ന സന്നദ്ധ ജീവൻരക്ഷാ ദൗത്യങ്ങളിലൂടെ ശ്രദ്ധേയനാവുകയാണ് ആലക്കോട് സ്വദേശി നിബി തോമസ്. ആഴമേറിയ കിണറുകളിലും കൊക്കകളിലും പാറക്കെട്ടുകളിലും അപകടകരമായ സാഹചര്യങ്ങളിൽ കുടുങ്ങിപ്പോകുന്ന മൃഗങ്ങളെയും മനുഷ്യരെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള റോപ്പ് റെസ്ക്യൂ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപ്പെടുത്തുന്ന പ്രവർത്തനങ്ങളിലാണ് ഇദ്ദേഹവും സംഘവും വ്യാപൃതരായിരിക്കുന്നത്.

മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ നിന്ന് പ്രീഡിഗ്രിയും തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്ന് ബിരുദവും പൂർത്തിയാക്കിയ നിബി തോമസ്, സ്വദേശത്തും വിദേശത്തുമായി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് രംഗത്ത് 25 വർഷത്തിലേറെ പ്രവർത്തിച്ചിട്ടുണ്ട്. ഒമാനിൽ ജോലി ചെയ്തിരുന്ന കാലത്താണ് ട്രെക്കിംഗ്, മൗണ്ടിനീയറിംഗ്, റോക്ക് ക്ലൈംബിംഗ്, റാപ്പലിംഗ്, ജുമറിംഗ്, കയാക്കിംഗ് തുടങ്ങിയ സാഹസിക മേഖലകളിൽ സജീവമാകുന്നത്. തുടർന്ന് മണാലിയിലെ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടിനീയറിംഗ് ആൻഡ് അലൈഡ് സ്‌പോർട്സിൽ നിന്ന് കേന്ദ്ര സർക്കാർ അംഗീകൃത മൗണ്ടിനീയറിംഗ് പരിശീലനവും പൂർത്തിയാക്കി.

ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘സൈറ സാങ്ചുറി ഫോർ പ്യുവർ സോൾസ്’ (Saira Sanctuary For Pure Souls) എന്ന രജിസ്റ്റേർഡ് ചാരിറ്റബിൾ ട്രസ്റ്റ് വഴി മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, വന്ധ്യംകരണം, അഡോപ്ഷൻ, നിയമസഹായം, ബോധവൽക്കരണം തുടങ്ങിയ സേവനങ്ങൾ സൗജന്യമായി നൽകിവരുന്നു. ഇതിനുപുറമെ, ക്ലീൻ കേരള ദൗത്യവുമായി സഹകരിച്ച് വനപ്രദേശങ്ങളിലെയും കൊക്കകളിലെയും മാലിന്യങ്ങൾ റോപ്പ് വഴി ഇറങ്ങി നീക്കം ചെയ്യുന്ന പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കിയതിന് സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും അവാർഡുകൾ നിബി തോമസിനെ തേടിയെത്തിയിട്ടുണ്ട്.

ചെപ്പുകുളത്തും ഉപ്പുകുന്നിലും ഹോംസ്റ്റേകൾ നടത്തുന്ന ഇദ്ദേഹം സാഹസിക വിനോദ പരിശീലനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്ത ഘട്ടങ്ങളിൽ അതിവേഗം റോപ്പ് സിസ്റ്റം സ്ഥാപിച്ച് ആളുകളെ സുരക്ഷിതമായി മാറ്റാനുള്ള പ്രത്യേക പരിശീലനവും ഇദ്ദേഹത്തിന്റെ സംഘത്തിനുണ്ട്.

സംസ്ഥാനത്ത് പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരുടെ പ്രത്യേക ജീവൻരക്ഷാ ശൃംഖല രൂപീകരിച്ച് സർക്കാർ അംഗീകാരത്തോടെ ഒരു റെസ്ക്യൂ ടീം ഒരുക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം. ഇതിനായി യുവജനക്ഷേമ, ആഭ്യന്തര വകുപ്പുകൾക്ക് പദ്ധതി സമർപ്പിക്കാൻ തയാറെടുക്കുകയാണ്. അപകടങ്ങളിൽ പെടുന്നവരുടെ ജീവൻരക്ഷാ ദൗത്യങ്ങൾക്ക് ഇവരുടെ സേവനം സൗജന്യമായി ലഭ്യമാണ് (ഫോൺ: 90379 40446).

Leave a Reply

Your email address will not be published. Required fields are marked *