ആലത്തൂർ: തെന്നിലാപുരം വടക്കേത്തറയിൽ അലക്കു കമ്പിയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരണത്തിന് കീഴടങ്ങി. വടക്കേത്തറ രാധാകൃഷ്ണന്റെ ഭാര്യ രാധിക (36) ആണ് ഇന്ന് രാവിലെ ആറുമണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവരുടെ അമ്മായിയമ്മ ശാരദ ശനിയാഴ്ച പുലർച്ചെ മരിച്ചിരുന്നു.
ഇക്കഴിഞ്ഞ 24-നായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ നിന്ന് കെട്ടിയ വലിച്ച ഇരുമ്പ് അഴയിൽ ശാരദ തുണി അലക്കി ഇടുന്നതിനിടെയാണ് ഷോക്കേറ്റത്. ഷോക്കേറ്റ് വീണ ശാരദയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരുമകൾ രാധികയ്ക്കും തെറിച്ചുവീണ് പരിക്കേറ്റത്. സംഭവം കണ്ട് രാധികയെ രക്ഷിക്കാൻ എത്തിയ ഇളയ സഹോദരന്റെ ഭാര്യ രേഷ്മയ്ക്കും ഷോക്കേറ്റിരുന്നുവെങ്കിലും നിസ്സാര പരിക്കുകളോടെ ഇവർ രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് ശാരദയെയും രാധികയെയും ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവർക്കും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിവരികയായിരുന്നു.
നിലവിൽ വീടുപണി നടക്കുന്നതിനാൽ തൊട്ടടുത്ത താൽക്കാലിക ഷെഡ്ഡിൽ നിന്നും ഇലക്ട്രിക് വയർ ഉപയോഗിച്ച് മെയിൻ ലൈനിലേക്ക് കണക്ഷൻ എടുത്തിരുന്നു. ഇതിൽ നിന്നാണ് ഇരുമ്പ് കഴുക്കോലിലേക്ക് വൈദ്യുതി പ്രവഹിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

