ഓക്‌ലൻഡ്: 24 കിലോ കറുപ്പ് (Opium) ന്യൂസിലൻഡിലേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുകെ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് പാർസലുകളിലായി വെസ്റ്റേൺ ബെ ഓഫ് പ്ലെന്റി ലക്ഷ്യമാക്കി അയച്ച നിരോധിത ലഹരിമരുന്ന് ഓക്‌ലൻഡ് അതിർത്തിയിൽ വെച്ചാണ് കസ്റ്റംസ് വിഭാഗം തടഞ്ഞുവെച്ച് പിടിച്ചെടുത്തത്.
ലഹരിമരുന്ന് വേട്ടയ്ക്ക് പിന്നാലെ ടൗരംഗ, പാപമോവ, ഓമോകോറോവ, തേ പുകെ എന്നിവിടങ്ങളിലെ 11 കേന്ദ്രങ്ങളിൽ പോലീസ് വ്യാപകമായ റെയ്ഡ് നടത്തി. പരിശോധനയിൽ കൂടുതൽ കറുപ്പ്, സ്റ്റീറോയിഡുകൾ, പണം, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് 31-ഉം 36-ഉം വയസ്സുള്ള രണ്ട് പേർക്കെതിരെ ലഹരിമരുന്ന് കടത്തലിനും, 38-കാരനെതിരെ വിൽപനാനുമതിയില്ലാത്ത മരുന്നുകൾ കൈവശം വെച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. പിടിയിലായ പ്രതികളെ വരും ആഴ്ചകളിൽ ടൗരംഗ ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരാക്കും.

