പാംസ്റ്റൺ നോർത്ത്: പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചയാളെ സമീപത്തെ വീട്ടുപറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11.20-ഓടെ പാംസ്റ്റൺ നോർത്തിലെ ഹൈബറിയിൽ വിൽസൺ ക്രസന്റിലായിരുന്നു സംഭവം.
അറസ്റ്റ് വാറന്റുള്ള വ്യക്തി സഞ്ചരിച്ചിരുന്ന വാഹനം പിന്തുടർന്ന പോലീസ്, വാഹനം നിർത്തി ഓടിപ്പോയ ആളെ പിടികൂടിയിരുന്നു. എന്നാൽ, വാഹനത്തിലുണ്ടായിരുന്ന രണ്ടാമത്തെയാൾ പോലീസിന്റെ പിന്തുടരൽ ഇല്ലാതിരുന്നിട്ടും സമീപത്തെ സ്ഥലത്തേക്ക് ഓടിമാറുകയായിരുന്നു.
പിന്നീട് ഇയാളെ ബോധരഹിതനായ നിലയിൽ പ്രദേശവാസികളും പോലീസും ചേർന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസും അടിയന്തിര വിഭാഗവും ചേർന്ന് സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ സ്വതന്ത്ര പോലീസ് പരാതി പരിഹാര കമ്മീഷൻ (IPCA) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മനാവതു ആക്ടിംഗ് ഏരിയ കമാൻഡർ ഇൻസ്പെക്ടർ ഫിൽ വാർഡ് അറിയിച്ചു. പൊതുജനങ്ങൾക്ക് നിലവിൽ മറ്റ് സുരക്ഷാ ഭീഷണികളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

