പിറവം: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പിറവം മണ്ഡലത്തിൽ ആവശ്യമുള്ളിടത്തെല്ലാം കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയും സ്ഥലം എം.എൽ.എയുമായ അനൂപ് ജേക്കബ് അറിയിച്ചു. ക്യാമ്പുകളിൽ ഭക്ഷ്യധാന്യങ്ങൾ, എൽ.പി.ജി, ജനറേറ്റർ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തത വരുത്തി.
മൂവാറ്റുപുഴയാറിന്റെയും ഇതിന്റെ വിവിധ കൈവഴികളുടെയും തീരങ്ങളിലും മറ്റ് താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരെ അപകടസാധ്യത മുന്നിൽക്കണ്ട് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കും. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ അടിയന്തരമായി ക്യാമ്പുകൾ സജ്ജമാക്കി ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ വില്ലേജ് ഓഫീസർമാർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദുരന്തസാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആശ്വാസകരമായ എല്ലാവിധ സജ്ജീകരണങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജാഗ്രതാ നിർദ്ദേശങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ നിർദ്ദേശിച്ചതായും അദ്ദേഹം അറിയിച്ചു.

