പ്രവേശന പരീക്ഷയിൽ വൻ ക്രമക്കേട്; 58,000 വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് മെക്സിക്കൻ സർവകലാശാല

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഏറ്റവും വലിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ നാഷണൽ ഓട്ടോണോമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോയിൽ (Unam) പ്രവേശന പരീക്ഷയിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തൽ. പരീക്ഷാ ഫലത്തിലെ അസ്വാഭാവിക ഉയർച്ചയെ തുടർന്ന് 58,000-ത്തോളം വിദ്യാർത്ഥികളോട് വീണ്ടും പരീക്ഷ എഴുതാൻ സർവകലാശാല അധികൃതർ നിർദ്ദേശിച്ചു. ഓൺലൈനായി നടത്തിയ ആദ്യ പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ഇത്തവണ നേരിട്ടുള്ള പരീക്ഷയായിരിക്കും നടത്തുക.

തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ സർവകലാശാല ബാധ്യസ്ഥരാണെന്ന് റക്ടർ ലിയോനാർഡോ ലോമെലി വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് തുല്യ അവസരം ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നും അർഹത നേടിയിട്ടും വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നവരോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണ 1,60,000-ത്തോളം വിദ്യാർത്ഥികളാണ് ഓൺലൈൻ പരീക്ഷ എഴുതിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയും വെബ്ക്യാമും ഉപയോഗിച്ച് നിരീക്ഷണം നടത്തിയിരുന്നെങ്കിലും തട്ടിപ്പ് തടയാനായില്ല. കഴിഞ്ഞ വർഷങ്ങളിൽ 120-ൽ 100-ൽ കൂടുതൽ മാർക്ക് നേടിയവർ വെറും 3.5 ശതമാനം മാത്രമായിരുന്നെങ്കിൽ ഇത്തവണ അത് 16 ശതമാനമായി കുതിച്ചുയർന്നു. മെഡിസിൻ കോഴ്സിന് പരീക്ഷ എഴുതിയവരിൽ 30 ശതമാനത്തോളം പേർ 100-ന് മുകളിൽ മാർക്ക് നേടി.

വിഷയത്തിൽ വിദേശ സഹായവും എ.ഐ പ്രയോഗവും മുതൽ പരീക്ഷാ ചോദ്യങ്ങൾ ചോർന്നതുവരെ ക്രമക്കേടുകൾക്ക് കാരണമായതായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തെ തുടർന്ന് രാജ്യത്ത് വൻ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് ക്രിമിനൽ അന്വേഷണം നടത്താൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം നിർദ്ദേശിച്ചു. 115 വർഷത്തെ സർവകലാശാലാ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു നടപടി ഉണ്ടാകുന്നത്. ഇതേതുടർന്ന് ഒന്നാം വർഷ വിദ്യാർത്ഥികളുടെ അധ്യയന വർഷം ഓഗസ്റ്റ് 31-ലേക്ക് നീട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *