ഗൗതംകൃഷ്ണയ്ക്കായി കടലിലും തീരത്തും വ്യോമമാർഗ്ഗവും തിരച്ചിൽ ഊർജിതം: നീണ്ടകരയിൽ ക്യാമ്പ് ചെയ്ത് ഫിഷറീസ് വകുപ്പിന്റെ ഏകോപനം

കൊല്ലം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതംകൃഷ്ണയ്ക്കായി ഊർജിതമായ തിരച്ചിൽ നടപടികൾ തുടർന്നുവരുന്നതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പോലീസ്, കോസ്റ്റ് ഗാർഡ് എന്നിവയുടെ പങ്കാളിത്തത്തോടെ ഫിഷിങ് പെട്രോൾ – സ്പീഡ് ബോട്ടുകൾ, ലൈഫ് ഗാർഡുകൾ, കോസ്റ്റൽ പോലീസ് ബോട്ടുകൾ തുടങ്ങിയ വിപുലമായ സംവിധാനങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. കൂടാതെ ഡ്രോൺ സംവിധാനവും തിരച്ചിലിനായി ഏർപ്പെടുത്തിയിട്ടുണ്ട്.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കടൽ, പൊഴിമുഖം, വ്യോമമാർഗ്ഗം എന്നിങ്ങനെ വിവിധ തലങ്ങളിലാണ് നിലവിൽ പരിശോധന നടക്കുന്നത്. പ്രദേശത്തെ കാലാവസ്ഥയും സമുദ്രപ്രവാഹവും സംബന്ധിച്ച വിവരങ്ങൾ മുൻനിർത്തി തിരച്ചിൽ മേഖലകൾ കൂടുതൽ വ്യാപിപ്പിച്ചു. മറ്റ് തുറമുഖങ്ങൾക്കും തീരപ്രദേശങ്ങൾക്കും സമീപ ജില്ലകളിലെ അധികൃതർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാണാതായവരുടെ കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഫിഷറീസ് ഡയറക്ടറുടെ നേതൃത്വത്തിൽ വകുപ്പ് ഉദ്യോഗസ്ഥർ നീണ്ടകരയിൽ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട ഏകോപന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അഡിഷണൽ ഡയറക്ടർ സ്മിത ആർ. നായർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *