സിഡ്നി: ചരിത്രപ്രസിദ്ധമായ സിഡ്നി ഹാർബർ ബ്രിഡ്ജ്, ഓപ്പറ ഹൗസ്, ലൂണ പാർക്ക് എന്നിവയുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന നോർത്ത് സിഡ്നി നീന്തൽക്കുളം വൻ ജനപങ്കാളിത്തത്തോടെ ഔദ്യോഗികമായി തുറന്നുകൊടുത്തു. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ നീന്തൽക്കുളം പുനർനിർമ്മാണ പദ്ധതിയാണിത്. ഏകദേശം 122 മില്യൺ ഡോളർ (12.2 കോടി ഡോളർ) ചെലവഴിച്ചാണ് അഞ്ച് വർഷം നീണ്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
മുൻ ഒളിമ്പ്യന്മാരായ സാലി സ്റ്റെഗൽ, ഡോ. ഷെയ്ൻ ഗൗൾഡ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 1930-കളിലെ നീന്തൽ വസ്ത്രങ്ങൾ ധരിച്ച കലാകാരന്മാരുടെ അക്രോബാറ്റിക് പ്രകടനങ്ങളോടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെയുമാണ് ചടങ്ങുകൾ നടന്നത്. 1936-ൽ പ്രവർത്തനമാരംഭിച്ച ഈ ആർട്ട് ഡെക്കോ പൂൾ, അറ്റകുറ്റപ്പണികൾക്കായി അടച്ചതിനുശേഷം 2022-ൽ തുറക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും നിർമ്മാണത്തിലെ കാലതാമസവും ചെലവ് വർദ്ധിച്ചതും കാരണം നീണ്ടുപോവുകയായിരുന്നു.
നവീകരണത്തിലെ ചെലവുകളെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രാദേശിക മേയർ സോയി ബേക്കർ പറഞ്ഞു. കെട്ടിടങ്ങൾ അവയുടെ വാസ്തുവിദ്യ കൊണ്ട് ശ്രദ്ധേയമാകുമ്പോൾ, ജനങ്ങളാണ് അവയെ ചരിത്ര താളുകളിൽ നിലനിർത്തുന്നതെന്ന് ഡോ. ഷെയ്ൻ ഗൗൾഡ് അഭിപ്രായപ്പെട്ടു.
ആദ്യ മൂന്ന് ദിവസങ്ങളിൽ സൗജന്യ പ്രവേശനമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ഇതുകാരണം ആയിരക്കണക്കിന് ആളുകളാണ് പൂളിലേക്ക് എത്തുന്നത്. രണ്ട് ഇൻഡോർ പൂളുകൾ, സ്പാ, സോണ, സ്റ്റീം റൂം, കുട്ടികളുടെ സ്പ്ലാഷ് പാഡ്, ജിം, ജെലാറ്റോ ബാർ എന്നിവ പുതിയ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. പാരമ്പര്യ തനിമ നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക രീതിയിൽ പുനർനിർമ്മിച്ച ഈ നീന്തൽക്കുളം കായിക പ്രേമികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.

