സിഡ്നി: റൂറൽ സിഡ്നിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറുന്നു. സിഡ്നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ എഷോൾ പാർക്കിലുള്ള (Eschol Park) ഭൂമിയിലാണ് 23-വയസ്സുകാരനായ യുവാവിന്റെ മൃതദേഹം ക്രൂരമായ പരിക്കുകളോടെ പോലീസ് കണ്ടെത്തിയത്. മൃഗങ്ങളുടെ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവസ്ഥലത്തുണ്ടായിരുന്ന അഞ്ച് നായ്ക്കളെ പോലീസ് അന്വേഷണ സംഘവും കാംബെൽടൗൺ കൗൺസിൽ റേഞ്ചർമാരും ചേർന്ന് കസ്റ്റഡിയിലെടുക്കുകയും ദയാവധത്തിനായി (Euthanasia) ആനിമൽ ഷെൽട്ടറിലേക്ക് മാറ്റുകയും ചെയ്തു. ഈ നായ്ക്കളിൽ ഒന്നിനും തന്നെ രജിസ്ട്രേഷനോ മൈക്രോചിപ്പോ ഉണ്ടായിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവ സമയത്ത് കൈക്ക് നിസ്സാര പരിക്കേറ്റ 53-വയസ്സുകാരനായ മറ്റൊരു വ്യക്തിക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി.
കൊല്ലപ്പെട്ട യുവാവ് എന്തിനാണ് ഈ സ്ഥലത്ത് എത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് കമ്മീഷണർ മാൽ ലാന്യൻ പറഞ്ഞു. യുവാവ് അവിടെയുള്ള താമസക്കാരനല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ‘സാറ്റേൺസ് റിംഗ്സ്’ (Saturn’s Rings) അഥവാ ‘യൂണിവേഴ്സൽ പവർ ഹൗസ്’ എന്നറിയപ്പെടുന്ന, 1970-കളിൽ നിർമ്മാണം പൂർത്തിയാക്കാതെ ഉപേക്ഷിക്കപ്പെട്ട വിചിത്രമായ വൃത്താകൃതിയിലുള്ള വീടിന്റെ പരിസരത്താണ് ദുരന്തം നടന്നതെന്നാണ് വിവരം.
സംഭവത്തിൽ പോലീസിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും നായ്ക്കളുടെ ഉടമസ്ഥാവകാശത്തെയും രജിസ്ട്രേഷനെയും കുറിച്ച് അന്വേഷണം നടത്തുകയാണെന്നും കാംബെൽടൗൺ കൗൺസിൽ അറിയിച്ചു. കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

