ന്യൂഡൽഹി: ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ ഇനി ‘ഊര്’ എന്ന പേരിൽ അറിയപ്പെടുമെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ‘മൈക്ക് ടുഗെദർ’ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആദിവാസി മേഖലകളിലെ താമസസ്ഥലങ്ങൾക്ക് നിലവിൽ ഉപയോഗിക്കുന്ന ‘ഉന്നതി’ എന്ന പേര് മാറ്റി പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന ‘ഊര്’ എന്ന പേര് പുനഃസ്ഥാപിക്കാനാണ് സർക്കാർ തീരുമാനം.
മുൻ സർക്കാരിന്റെ കാലത്താണ് ആദിവാസി വാസസ്ഥലങ്ങളെ ‘ഉന്നതി’ എന്ന് വിളിക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ വിവിധ ആദിവാസി സംഘടനകൾ രംഗത്തെത്തിയിരുന്നു. ‘ഊര്’ എന്നത് തങ്ങളുടെ പാരമ്പര്യത്തോടും സംസ്കാരത്തോടും ചേർന്നുനിൽക്കുന്ന പേരാണെന്നും അത് മാറ്റുന്നത് ‘ഊരു മൂപ്പൻ’ ഉൾപ്പെടെയുള്ള പരമ്പരാഗത സംവിധാനങ്ങളുടെ പ്രസക്തിയെ ബാധിക്കുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ആദിവാസി വിഭാഗങ്ങളിൽനിന്ന് ‘ഊര്’ എന്ന പേര് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നിരുന്നു. മന്ത്രി കെ. എ. തുളസിയുടെ ആദിവാസി മേഖലാ സന്ദർശനങ്ങളിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, പട്ടികജാതി വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങൾക്ക് ‘കോളനി’ എന്നതിന് പകരം ‘നഗർ’ എന്ന പേര് നൽകിയ നടപടി മാറ്റുന്നതുമായി ബന്ധപ്പെട്ട് സമാനമായ എതിർപ്പ് ഉയർന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
‘ഉന്നതി’ എന്ന പേര് അവിടെയുള്ളവർക്ക് താൽപര്യമില്ലെന്നും അവർക്ക് ‘ഊര്’ എന്ന പേരാണ് ഇഷ്ടമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പേരുമാറ്റവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തുവരുന്നതോടെ സർക്കാർ തീരുമാനം പ്രാബല്യത്തിൽ വരും.

