കൊച്ചി: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 99.29 കോടി രൂപയുടെ കാർഷികനാശമുണ്ടായതായി പ്രാഥമിക കണക്ക്. വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് 3,264 ഹെക്ടർ കൃഷിയിടങ്ങളിലാണ് നാശമുണ്ടായത്. 36,829 കർഷകരെ മഴക്കെടുതി ബാധിച്ചതായി കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
നാശനഷ്ടത്തിന്റെ കണക്ക് പ്രാഥമികമാണെന്നും കൂടുതൽ റിപ്പോർട്ടുകൾ ലഭിക്കുന്നതോടെ തുക ഉയരാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൃഷിനാശം നേരിട്ട കർഷകർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്.
കാർഷിക മേഖലയിലെ നഷ്ടം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരിനോട് 110 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 100 കോടി രൂപ വിളനാശത്തിനുള്ള പ്രത്യേക അഡ്ഹോക്ക് സഹായമായും 10 കോടി രൂപ മണ്ണിന്റെ ഫലഭൂയിഷ്ഠത പുനഃസ്ഥാപിക്കുന്നതിനും കൃഷി പുനരാരംഭിക്കുന്നതിനുമുള്ള സഹായമായുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രളയബാധിത മേഖലകളിലെ മണ്ണിലെ പോഷകഘടകങ്ങളുടെ നഷ്ടം വിലയിരുത്തുന്നതിനായി മണ്ണുപരിശോധന നടത്താനും തുടർന്ന് ആവശ്യമായ രീതിയിൽ മണ്ണിന്റെ ഫലഭൂയിഷ്ഠത പുനഃസ്ഥാപിക്കാനും കൃഷിവകുപ്പ് നടപടി സ്വീകരിക്കും.
കൃഷിനാശം സംഭവിച്ച കർഷകർക്ക് പുനഃകൃഷിക്കായി പലിശരഹിത വായ്പ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളുടെ പ്രതിനിധികളുമായി ഓഗസ്റ്റ് 11ന് തിരുവനന്തപുരത്ത് യോഗം ചേരും. സഹകരണ ബാങ്കുകൾ, ദേശസാൽകൃത ബാങ്കുകൾ, കൃഷിവകുപ്പ്, ധനവകുപ്പ് എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
കൃഷിനാശം സംഭവിച്ച കർഷകർ ആദ്യം തദ്ദേശത്തെ കൃഷിഭവനിൽ വിവരം അറിയിക്കണം. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി നഷ്ടം വിലയിരുത്തും. പരിശോധന പൂർത്തിയായ ശേഷം വിവരങ്ങൾ കൃഷിവകുപ്പിന്റെ പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് നഷ്ടപരിഹാര പദ്ധതിയുമായി ബന്ധിപ്പിക്കുന്നതാണ് നടപടിക്രമം.
അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായി തുടരാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

