ഹോർമുസ് തുറന്നാൽ ആണവകരാർ ഇല്ലാതെയും ഇറാനുമായുള്ള പോരാട്ടം അവസാനിപ്പിക്കാൻ ട്രംപ് തയ്യാറെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറായാൽ ആണവകരാർ സംബന്ധിച്ച ധാരണയിലെത്താതെ തന്നെ ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്ന കാര്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തേക്കാൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് മുൻഗണന നൽകുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

എന്നാൽ ഹോർമുസ് തുറക്കുന്നതിന് ഇറാൻ കടുത്ത നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. യുഎസ് സൈനിക സാന്നിധ്യം അവസാനിപ്പിക്കുക, ഉപരോധങ്ങൾ നീക്കുക, നാവിക ഉപരോധം അവസാനിപ്പിക്കുക, യുദ്ധനഷ്ടപരിഹാരമായി സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ ഉന്നയിച്ചിട്ടുള്ളത്.

ഇറാനും ഒമാനും തമ്മിൽ കടലിടുക്ക് തുറക്കുന്നതിനുള്ള ധാരണ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും അന്തിമ ധാരണയായിട്ടില്ല. യുഎസ്, ഇറാൻ, ഒമാൻ എന്നിവർക്കിടയിൽ വാണിജ്യ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ഇടക്കാല ധാരണ അടുത്ത ഘട്ടത്തിലെത്തിയതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

ലോകത്തിലെ പ്രധാന എണ്ണ-വാതക ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ അടച്ചിടൽ ആഗോള ഇന്ധനവിലയിലും വ്യാപാരത്തിലും വലിയ സമ്മർദം സൃഷ്ടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *