ഡമാസ്കസ്: മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അസദിനും സഹോദരൻ മഹർ അസദിനും വധശിക്ഷ വിധിച്ച് സിറിയൻ കോടതി. ഇരുവരുടെയും അസാന്നിധ്യത്തിൽ നടന്ന വിചാരണയിലാണ് പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരുന്നത്.
14 വർഷത്തോളം നീണ്ട സിറിയൻ ആഭ്യന്തരയുദ്ധത്തിനിടെ കൂട്ടക്കൊല, പീഡനം, നിയമവിരുദ്ധ തടങ്കൽ, കുട്ടികളുൾപ്പെടെയുള്ള സാധാരണക്കാരുടെ കൊലപാതകം തുടങ്ങിയ കുറ്റങ്ങളിൽ അസദും കൂട്ടാളികളും ഉത്തരവാദികളാണെന്ന് കോടതി കണ്ടെത്തി. യുദ്ധത്തിൽ ഏകദേശം അഞ്ച് ലക്ഷം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
2024 ഡിസംബറിൽ വിമതസഖ്യത്തിന്റെ മുന്നേറ്റത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട ബഷാർ അസദ് റഷ്യയിലാണ് കഴിയുന്നത്. അസദിനെയും മറ്റ് പ്രതികളെയും നിയമനടപടികൾക്കായി വിട്ടുനൽകണമെന്ന് സിറിയയിലെ പുതിയ ഭരണകൂടം റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അസദിന്റെ അഭാവത്തിൽ വിധി നടപ്പാക്കുന്നതിന് നിലവിൽ പ്രായോഗിക തടസങ്ങളുണ്ട്.

