കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ-3 കപ്പലിന്റെ അവശിഷ്ടങ്ങൾ സമുദ്രപരിസ്ഥിതിക്ക് ദോഷം ചെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. കപ്പലിൽനിന്നുള്ള എണ്ണച്ചോർച്ച സമുദ്രപരിസ്ഥിതിക്ക് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.
കപ്പലും കടലിൽ കിടക്കുന്ന കണ്ടെയ്‌നറുകളും നീക്കം ചെയ്യേണ്ടത് കപ്പൽ കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അപകടം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും കപ്പലിന്റെയും കണ്ടെയ്‌നറുകളുടെയും അവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
കടലിനടിയിലെ കപ്പൽ അവശിഷ്ടങ്ങൾ പരിശോധിക്കാൻ നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമായ പരിശോധനയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്നും കാലവർഷത്തിന് ശേഷം തുടർ പരിശോധന നടത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.
2025 മേയ് 25നാണ് കൊച്ചിയിൽനിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ എംഎസ്‌സി എൽസ-3 മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന അപകടകരമായ ചരക്കുകളും പ്ലാസ്റ്റിക് പെല്ലറ്റുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ സമുദ്രപരിസ്ഥിതിക്ക് ഭീഷണിയാകാമെന്ന് നേരത്തെയും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

