പ്രശസ്ത ആണവ ശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനും വൈജ്ഞാനിക സാഹിത്യകാരനും പൊതുപ്രവർത്തകനുമായ ഡോ. എം.പി. പരമേശ്വരൻ (89) അന്തരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമരക്കാരിലൊരാളായിരുന്ന അദ്ദേഹം പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്.
1935 ജനുവരി 18-ന് തൃശ്ശൂരിലെ കിരാലൂരിൽ മടങ്ങർളി പരമേശ്വരൻ നമ്പൂതിരിയുടെയും മാടമ്പ് സാവിത്രി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ച അദ്ദേഹം, തൃശൂർ സി.എം.എസ്. ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ്, തിരുവനന്തപുരം എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് പ്രാഥമിക, ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച്.ഡി നേടി. ഈ മേഖലയിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ആദ്യ ഗവേഷണ ബിരുദമായിരുന്നു അത്.
1957 മുതൽ 1975 വരെ ബാർകിൽ (BARC) ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ച അദ്ദേഹം, പിന്നീട് ജോലി രാജിവെച്ചാണ് സജീവ രാഷ്ട്രീയത്തിലേക്കും പൊതുപ്രവർത്തനത്തിലേക്കും കടന്നുവന്നത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 1975 മുതൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനായ അദ്ദേഹം, സംഘടനയെ ജനകീയ ശാസ്ത്ര പ്രസ്ഥാനമായി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം (2017), പ്രഥമ കേരളശ്രീ പുരസ്കാരം (2022), ചെറുകാട് അവാർഡ്, നെഹ്‌റു ലിറ്ററസി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ‘പിരമിഡിന്റെ നാട്ടിൽ’, ‘ജീവരേഖ’, ‘നക്ഷത്രങ്ങളുടെ നാട്ടിൽ’ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ്. എ.കെ.ജി.യുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഡോക്യുമെന്ററിയിൽ ഇ.എം.എസിന്റെ വേഷത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

