മെസ്സിയുടെ കേരള സന്ദർശനം: സമഗ്ര അന്വേഷണം വേണമെന്ന് കായികമന്ത്രി

ന്യൂഡൽഹി: അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസ്സിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും സമഗ്ര അന്വേഷണം ആവശ്യമാണെന്ന് കായികമന്ത്രി ഒ.ജെ. ജെനീഷ്. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ കായികവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൂടുതൽ അന്വേഷണത്തിനായി ഫയലുകൾ മുഖ്യമന്ത്രിക്ക് കൈമാറിയതെന്നും മന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മെസ്സിയുടെ കേരള സന്ദർശനത്തെക്കുറിച്ച് താരത്തിന് തന്നെ അറിവുണ്ടായിരുന്നോ എന്നതും പ്രധാനപ്പെട്ട ചോദ്യമാണെന്ന് മന്ത്രി പറഞ്ഞു. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെയോ മറ്റ് ബന്ധപ്പെട്ട അധികൃതരുടെയോ ഔദ്യോഗിക സ്ഥിരീകരണമോ അനുമതിയോ ഇല്ലാതെ ഇത്തരം വാഗ്ദാനങ്ങൾ നൽകിയതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളപ്പണ ഇടപാടുകളോ സാമ്പത്തിക തട്ടിപ്പുകളോ നടന്നിട്ടുണ്ടോയെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇടപാടുകളുടെ ഗുണഭോക്താക്കൾ ആരാണെന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *