മണിപ്പുർ കലാപക്കേസുകൾ: പ്രത്യേക കോടതികൾ രൂപീകരിക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: മണിപ്പുരിലെ വംശീയ സംഘർഷവുമായി ബന്ധപ്പെട്ട് സിബിഐയും എൻഐഎയും അന്വേഷിക്കുന്ന കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികൾ രൂപീകരിക്കാൻ സുപ്രീംകോടതി നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അസം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിർദേശം നൽകിയത്. കേസുകളുടെ വിചാരണ പ്രതിദിനാടിസ്ഥാനത്തിൽ പൂർത്തിയാക്കാനാണ് നിർദേശം.

കേസുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് കോടതി ആവശ്യപ്പെട്ടു. കുറ്റപത്രം സമർപ്പിച്ച കേസുകളുടെ കേസ് നമ്പർ, നിലവിലെ സ്ഥിതി തുടങ്ങിയ വിവരങ്ങൾ ഇരകൾക്കും കുടുംബങ്ങൾക്കും അഭിഭാഷകർക്കും ലഭ്യമാക്കുന്ന രീതിയിൽ ക്രോഡീകരിക്കണമെന്നും നിർദേശിച്ചു.

മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷിക്കുന്ന 31 കേസുകളിൽ 27 എണ്ണത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. ഇതിൽ 22 കേസുകളിൽ കുറ്റപത്രവും അഞ്ച് കേസുകളിൽ ക്ലോഷർ റിപ്പോർട്ടുമാണ് സമർപ്പിച്ചത്. ശേഷിക്കുന്ന കേസുകളിൽ അന്വേഷണം തുടരുകയാണ്. എൻഐഎ അന്വേഷിക്കുന്ന 30 കേസുകളിൽ 15 എണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചതായും അറിയിച്ചു.

സിബിഐ കേസുകളിൽ ആകെ 904 സാക്ഷികളുള്ളതിൽ 891 പേരുടെ മൊഴിയെടുക്കൽ ഇനിയും ബാക്കിയുണ്ട്. സാക്ഷികളുടെ എണ്ണം കൂടുതലായതിനാലാണ് വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതികൾ രൂപീകരിക്കാൻ നിർദേശിച്ചതെന്ന് കോടതി വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ മണിപ്പുരിലെ സിബിഐ കേസുകളുടെ വിചാരണ നേരത്തെ ഗുവാഹത്തിയിലേക്ക് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *