സന: ചെങ്കടലിലെ ബാബ് അൽ മന്ദബ് കടലിടുക്കിൽ ചരക്കുകപ്പലിനു നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഫെബ്രുവരി 28ന് ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഹൂതികളുടെ കപ്പൽ ആക്രമണങ്ങളിൽ ആദ്യമായാണ് ആറുപേർ കൊല്ലപ്പെടുന്നത്.
കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ പാകിസ്ഥാനികളും ഒരാൾ ഇന്തോനേഷ്യൻ പൗരനുമാണ്. രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ട് യെമൻ സൈനികരും കൊല്ലപ്പെട്ടു. ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള തിഹാമ എന്ന ചരക്കുകപ്പലാണ് ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്.
അതേസമയം, സൈനിക ഉപകരണങ്ങൾ വഹിച്ചിരുന്ന സൗദി കപ്പലിനെയാണ് ആക്രമിച്ചതെന്നാണ് ഹൂതികളുടെ വിശദീകരണം. കപ്പലിനെ ലക്ഷ്യമിട്ട ആക്രമണത്തിന്റെ സാഹചര്യങ്ങളും യഥാർഥ കപ്പലിന്റെ തിരിച്ചറിയലും സംബന്ധിച്ച് റിപ്പോർട്ടുകളിൽ വ്യത്യാസമുണ്ട്.

