സാൽസ്ബർഗ്: യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജിയും) യൂറോപ്പ ലീഗ് ചാംപ്യൻമാരായ ആസ്റ്റൺ വില്ലയും ഏറ്റുമുട്ടുന്ന യുവേഫ സൂപ്പർ കപ്പ് മത്സരം ഇന്ന് ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടക്കും. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 12.30നാണ് മത്സരം.
കഴിഞ്ഞ സീസണിലെ ചാംപ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് പിഎസ്ജി കിരീടം നിലനിർത്തിയത്. 2025ലെ സൂപ്പർ കപ്പിൽ ടോട്ടൻഹാമിനെ പെനാൽറ്റിയിൽ കീഴടക്കി കിരീടം നേടിയ പിഎസ്ജി തുടർച്ചയായ രണ്ടാം സൂപ്പർ കപ്പ് ലക്ഷ്യമിടുന്നു.
യൂറോപ്പ ലീഗ് ഫൈനലിൽ ഫ്രൈബർഗിനെ 3–0ന് തോൽപ്പിച്ചാണ് ആസ്റ്റൺ വില്ല സൂപ്പർ കപ്പിന് യോഗ്യത നേടിയത്. 1982നുശേഷം ക്ലബ്ബിന്റെ ആദ്യ യൂറോപ്യൻ സൂപ്പർ കപ്പ് മത്സരമാണിത്. 1982ൽ ബാഴ്സലോണയെ രണ്ട് പാദങ്ങളിലായി തോൽപ്പിച്ച് വില്ല സൂപ്പർ കപ്പ് നേടിയിരുന്നു.
ലോകകപ്പിന് പിന്നാലെ താരങ്ങൾ വൈകി പരിശീലനത്തിൽ തിരിച്ചെത്തിയതിനാൽ പിഎസ്ജിയുടെ തയ്യാറെടുപ്പ് പരിമിതമാണെന്ന് പരിശീലകൻ ലൂയിസ് എൻറിക്വെ പറഞ്ഞു. അതേസമയം, ആസ്റ്റൺ വില്ല പരിശീലകൻ ഉനായ് എമറി ടീമിന്റെ നിലവിലെ മുന്നേറ്റത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സാൽസ്ബർഗിലെ സ്റ്റേഡിയത്തിലാണ് മത്സരം.

