മൂന്നിലവ്: പഞ്ചായത്തിലെ പുതുശ്ശേരി ഭാഗത്ത് പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഗ്രാമസഭ പ്രമേയം പാസാക്കി. ജനവാസകേന്ദ്രമായ പ്രദേശത്ത് ക്വാറി പ്രവർത്തനം ആരംഭിക്കുന്നത് ജനജീവിതത്തിനും പരിസ്ഥിതിക്കും കടുത്ത ഭീഷണിയാകുമെന്ന ആശങ്കയെ തുടർന്നാണ് പ്രമേയം പാസാക്കിയത്.
65 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശത്ത് ക്വാറി പ്രവർത്തിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങൾക്ക് ഇടയാക്കുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. രണ്ടു കുന്നുകളുടെ മുകൾഭാഗത്തായി പാറമട ആരംഭിക്കാനാണ് നീക്കം നടക്കുന്നത്. പ്രധാന റോഡും മീനച്ചിലാറും കടന്നുപോകുന്ന ഈ പ്രദേശത്ത് കല്ല് പൊട്ടിക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകും. കൂടാതെ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളും മറ്റ് ജലസ്രോതസ്സുകളും വറ്റിവരളാനും മലിനമാകാനും ഇത് കാരണമാകും.
തീവ്രമായ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പ്രദേശമാണിത്. കഴിഞ്ഞദിവസം പുതുശ്ശേരി കൂട്ടക്കല്ല് നിരപ്പ് ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായത് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രദേശവാസികളും ജനപ്രതിനിധികളും തദ്ദേശപ്രവർത്തകരും ഒന്നടങ്കം പാറമടയ്ക്കെതിരെ രംഗത്തെത്തുകയും ആശങ്കകൾ ഗ്രാമസഭയിൽ ഉന്നയിക്കുകയും ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന ക്വാറി പ്രവർത്തനങ്ങൾക്ക് അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് പ്രദേശവാസികൾ.

