തിരുവനന്തപുരം: ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടറായി സ്വന്തം നാട്ടിലെ ആശുപത്രിയിൽ സേവനമനുഷ്ഠിക്കാൻ തുടക്കമിട്ട ഡോ. ശരണ്യ മോഹനെ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ടെലിഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. ശരണ്യയുടെ മാതാപിതാക്കളോടും സംസാരിച്ച മന്ത്രി തന്റെ സന്തോഷം പങ്കുവെച്ചു.
ഇടുക്കി കണ്ണമ്പടി വനമേഖലയിലെ പുന്നപ്പാറ ഊരിൽ നിന്ന് പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് ശരണ്യ എം.ബി.ബി.എസ് ബിരുദം നേടിയത്. പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ മേൽനോട്ടത്തിലുള്ള പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ഒന്നാം ക്ലാസ്സോടെയായിരുന്നു വിജയം. വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ നിന്ന് ഉന്നത വിജയം നേടി സ്വന്തം ജനതയുടെ ഡോക്ടറായി മാറിയ ശരണ്യയുടെ വിജയം ഏറെ അഭിമാനകരമാണെന്നും ഗോത്രമേഖലയിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഇത് വലിയ പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.
അടുത്ത തവണ ഇടുക്കിയിൽ എത്തുമ്പോൾ ശരണ്യയെ നേരിട്ട് സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റിലൂടെ സ്വന്തം നാടായ ഉപ്പുതറ സി.എച്ച്.സിയിലെ അസിസ്റ്റന്റ് സർജനായി ചുമതലയേറ്റ ഡോ. ശരണ്യയ്ക്ക് മന്ത്രി എല്ലാവിധ ഭാവി ആശംസകളും നേർന്നു. കണ്ടത്തിൻകര കെ.എൻ. മോഹനന്റെയും മിനിമോളുടെയും ഏകമകളാണ് ഡോ. ശരണ്യ.

