മെറ്റയ്ക്കെതിരെ യുഎസിൽ നിയമനടപടി; സക്കർബർഗും മൊസേരിയും സാക്ഷികളാകും

വാഷിങ്ടൺ: കുട്ടികളെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കൂടുതൽ സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തെന്നും സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ച് മെറ്റയ്ക്കെതിരെ യുഎസിലെ 29 സംസ്ഥാനങ്ങൾ നൽകിയ കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു. കാലിഫോർണിയ, കൊളറാഡോ, കെന്റക്കി, ന്യൂജഴ്സി തുടങ്ങിയ സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാരാണ് കേസിന് നേതൃത്വം നൽകുന്നത്.

മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരിയും കേസിൽ സാക്ഷികളായി കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 12ന് ജൂറി തിരഞ്ഞെടുപ്പ് പൂർത്തിയായി; ഓഗസ്റ്റ് 18നാണ് വിചാരണയിലെ വാദങ്ങൾ ആരംഭിക്കുക.

കുട്ടികളെ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ സമയം നിലനിർത്തുന്നതിനായി ആൽഗൊരിതങ്ങളും വിവിധ ഫീച്ചറുകളും ബോധപൂർവം ഉപയോഗിച്ചെന്നാണ് സംസ്ഥാനങ്ങളുടെ പ്രധാന ആരോപണം. കുട്ടികളുടെ ഡാറ്റ നിയമവിരുദ്ധമായി ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തുവെന്നും സംസ്ഥാനങ്ങൾ ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ മെറ്റ നിഷേധിച്ചു. യുവാക്കളുടെ സുരക്ഷയ്ക്കായി കമ്പനി സ്വീകരിച്ച നടപടികൾ സംബന്ധിച്ച തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നാണ് മെറ്റയുടെ നിലപാട്.

കേസിൽ പരാജയപ്പെട്ടാൽ നഷ്ടപരിഹാരവും പിഴയും ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യത 1.4 ട്രില്യൺ ഡോളർ വരെ ഉയർന്നേക്കാമെന്നാണ് മെറ്റ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ തുക കോടതി ഇതിനകം വിധിച്ച നഷ്ടപരിഹാരമല്ല; കേസ് പരാജയപ്പെട്ടാൽ ഉണ്ടായേക്കാവുന്ന പരമാവധി ബാധ്യതയെക്കുറിച്ചുള്ള മെറ്റയുടെ കണക്കുകൂട്ടലാണ്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രായപരിധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ‘ഇൻഫിനിറ്റ് സ്ക്രോൾ’ പോലുള്ള ഫീച്ചറുകളിൽ മാറ്റം വരുത്തുക, കുട്ടികളുടെ ഡാറ്റ ഉപയോഗിച്ച് പരിശീലിപ്പിച്ച ആൽഗൊരിതങ്ങളും എഐ മോഡലുകളും നീക്കം ചെയ്യുക തുടങ്ങിയ നിർദേശങ്ങളും സംസ്ഥാനങ്ങൾ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *