നോന്താബുരി സ്കൂൾ വെടിവെപ്പ്; ഗൺ ലൈസൻസുകൾ റദ്ദാക്കി തായ്‌ലൻഡ് സർക്കാർ

ബാങ്കോക്ക്: നോന്താബുരിയിലെ സ്കൂളിൽ നടന്ന കൂട്ടക്കൊലപാതകത്തിന് പിന്നാലെ തോക്ക് നിയമങ്ങൾ കർശനമാക്കി തായ്‌ലൻഡ് സർക്കാർ. പുതിയ തോക്ക് നിയന്ത്രണ നിയമം നിലവിൽ വരുന്നത് വരെ ആയുധങ്ങൾ സ്വന്തമാക്കുന്നതിനും കൈവശം വെക്കുന്നതിനുമുള്ള ലൈസൻസുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ പ്രധാനമന്ത്രി അനുതിൻ ചാർൺവിരാകുൽ ഉത്തരവിട്ടു.

നോന്താബുരിയിലെ വീട്ടിൽ വെച്ച് 14-കാരൻ തന്നെയ വളർത്തിയ മുത്തശ്ശനെയും മുത്തശ്ശിയെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്കൂളിലെത്തി ആറുപേരെക്കൂടി വെടിവെച്ചുകൊന്ന് സ്വയം ജീവനൊടുക്കുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസ്സുകാരിയായ വിദ്യാർത്ഥിനി കൂടി മരണപ്പെട്ടതോടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.

മുത്തശ്ശന്റെ ഉടമസ്ഥതയിലുള്ള ലൈസൻസുള്ള തോക്കാണ് അക്രമിയായ വിദ്യാർത്ഥി ഉപയോഗിച്ചത്. ഓൺലൈൻ വീഡിയോകൾ കണ്ടതും സ്കൂളിലെ പഠന സമ്മർദ്ദവും പീഡനങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കരുതുന്നു.

നിയമവിരുദ്ധമായി തോക്കുകൾ കൈവശം വെച്ചിരിക്കുന്നവർക്ക് പിഴ കൂടാതെ അവ സർക്കാരിന് മുന്നിൽ ഹാജരാക്കാൻ സമയം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ സ്കൂളുകളിൽ കർശന സുരക്ഷ പരിശോധനകളും മാനസികാരോഗ്യ കൗൺസിലിംഗും ഏർപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *