സിഡ്‌നി വിമാനത്താവളത്തിൽ വീണ്ടും വിമാനങ്ങൾ തമ്മിൽ കൂട്ടിയിടി ഒഴിവായ സംഭവം: അന്വേഷണം പ്രഖ്യാപിച്ച് എ.ടി.എസ്.ബി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവും തിരക്കേറിയ സിഡ്‌നി വിമാനത്താവളത്തിൽ വീണ്ടും വിമാനങ്ങൾ തമ്മിൽ കൂട്ടിയിടി ഒഴിവായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB). മൂന്ന് ആഴ്ചയ്ക്കിടെ സിഡ്‌നി വിമാനത്താവളത്തിൽ ഉണ്ടാകുന്ന മൂന്നാമത്തെ സുരക്ഷാ വീഴ്ചയാണിത്.

ഓഗസ്റ്റ് 9 ഞായറാഴ്ച റൺവേയിൽ നടന്ന അപകടാവസ്ഥയെക്കുറിച്ചാണ് നിലവിൽ എ.ടി.എസ്.ബി അന്വേഷിക്കുന്നത്. വിർജിൻ ഓസ്‌ട്രേലിയയുടെ VA555 (സിഡ്‌നി – പെർത്ത്) വിമാനം ടേക്ക്-ഓഫിനായി റൺവേയിലൂടെ കുതിക്കാൻ തുടങ്ങവേ, എയർ ട്രാഫിക് കൺട്രോളറിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്ന് ക്വാന്റാസ് (Qantas) വിമാനം റൺവേ കുറുകെ കടക്കാൻ ശ്രമിക്കുകയായിരുന്നു. വിർജിൻ പൈലറ്റുമാർ തൊട്ടുമുന്നിലെ അപകടം കണ്ട് പെട്ടെന്ന് വേഗത കുറച്ച് വിമാനം നിർത്തുകയായിരുന്നു. ബോയിംഗ് 737 വിഭാഗത്തിൽപ്പെട്ടവയായിരുന്നു രണ്ട് വിമാനങ്ങളും.

കഴിഞ്ഞ ഞായറാഴ്ച തന്നെ ജെറ്റ്‌സ്റ്റാർ വിമാനവും ഖത്തർ എയർവേയ്‌സ് വിമാനവും റൺവേയിൽ കൂട്ടിയിടിക്കുന്നതിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ അടുത്ത സംഭവവും റിപ്പോർട്ട് ചെയ്തത്. കൂടാതെ ജൂലൈ 27-നും സമാനമായ രീതിയിൽ വിമാനങ്ങൾ കൂട്ടിയിടിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടായിരുന്നു.

എയർ ട്രാഫിക് കൺട്രോളർമാരുടെ (ATC) കടുത്ത ക്ഷാമവും ജീവനക്കാരുടെ തൊഴിൽ സമ്മർദ്ദവുമാണ് വിമാനത്താവളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം അപകട സാഹചര്യങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് എ.ടി.എസ്.ബി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *