ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള നടൻ വിക്രമിന്റെ ദൃശ്യങ്ങൾ വിവാദമായതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പ് അന്വേഷണം ശക്തമാക്കി. മൃഗത്തെ ചെന്നൈയിലെ ഫാംഹൗസിൽ എത്തിച്ചതിന്റെ ഉറവിടവും അതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തുന്നതിനാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
മണിപ്പൂരിൽനിന്ന് ഈറോഡ് പെരുന്തുറയിലെ മൃഗപ്രജനന കേന്ദ്രത്തിൽ എത്തിച്ച ഗിബ്ബണുകളാണ് ഇവയെന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രജനനകേന്ദ്രത്തിൽ പരിശോധന നടത്തി. മൃഗങ്ങളെ അവിടേക്ക് എത്തിച്ചതുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ ഹാജരാക്കാൻ കേന്ദ്രത്തിന്റെ ഉടമയോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രജനനകേന്ദ്രത്തിന്റെ ഉടമ ചില രേഖകൾ സമർപ്പിച്ചെങ്കിലും, മണിപ്പൂരിലെ മൃഗങ്ങളുടെ ഉടമയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. അതിനാൽ മൃഗങ്ങളുടെ കൈമാറ്റവും അവയുടെ നിയമപരമായ ഉറവിടവും സംബന്ധിച്ച പരിശോധന തുടരുകയാണ്.
വിക്രം ലാർ ഗിബ്ബണിനൊപ്പം നിൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വീഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു. മൃഗത്തിന്റെ ഉടമസ്ഥാവകാശം, കൈവശംവെച്ച രീതി, അതിനെ ഫാംഹൗസിലേക്ക് എത്തിച്ച സാഹചര്യം എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണത്തിന് വഴിവച്ചത്. നിലവിൽ വിക്രമിനെതിരെ നിയമലംഘനം സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഇതിനിടെ, അന്വേഷണത്തിനിടെ ഒരു ഗിബ്ബൺ ചത്തതായി കണ്ടെത്തിയതായും അതിന്റെ മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ശേഷിച്ച ഗിബ്ബണുകളെ ഈറോഡിലെ നിശ്ചിത കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

