ജപ്പാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; നാല് മരണം, ഒരാളെ കാണാതായി

ടോക്കിയോ: ജപ്പാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ മരിച്ചു. ഒരാളെ കാണാതായതായി അധികൃതർ അറിയിച്ചു. കനത്ത മഴയിൽ കിഴക്കൻ ജപ്പാനിലെ ചിബ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളും ഗതാഗത തടസവും ഉണ്ടായി.

ചിബയിൽ 24 മണിക്കൂറിനിടെ 360 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. റോഡുകളും റെയിൽവേ ട്രാക്കുകളും വെള്ളത്തിനടിയിലായതോടെ ഗതാഗതം താറുമാറായി. വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ വിവിധയിടങ്ങളിൽ കുടുങ്ങി.

ടോക്കിയോയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ നരിറ്റയിലേക്കും തിരിച്ചുമുള്ള റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടതോടെ ഏകദേശം 7,000 യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. ടോക്കിയോ നഗരവുമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളും അടച്ചതായി റിപ്പോർട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് നിരവധി വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്. ചില പ്രദേശങ്ങളിൽ അധികൃതർ ഒഴിപ്പിക്കൽ നിർദേശങ്ങൾ നൽകിയിരുന്നു.

അതിനിടെ, ജപ്പാൻ കാലാവസ്ഥാ ഏജൻസി ചിബയിലെ ചില മേഖലകളിൽ കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനുമുള്ള ഏറ്റവും ഉയർന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ചില നദികളിൽ വെള്ളപ്പൊക്ക സാധ്യത തുടരുന്നതിനാൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *