ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതിനെച്ചൊല്ലി കോൺഗ്രസിൽ വിവാദം. പാർട്ടി നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായാണ് പൂർണഗാനം ആലപിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വന്ദേമാതരം ആലപിക്കുന്നതിനിടെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാവ് സോണിയ ഗാന്ധിയും എതിർപ്പ് പ്രകടിപ്പിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ആലാപനം തുടരുന്നതിനിടെ ഇരുവരും അസന്തുഷ്ടി പ്രകടിപ്പിച്ചതായും വീഡിയോയിൽ വ്യക്തമാണ്.വന്ദേമാതരം പൂർത്തിയായതിന് ശേഷമാണ് ഖാർഗെ ദേശീയപതാക ഉയർത്തിയത്.
വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പൂർണഗാനം നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രനീക്കങ്ങൾ രാജ്യത്ത് കൂടുതൽ വിഭജനം സൃഷ്ടിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ വാദം.

