സിഡ്‌നി: ഓസ്‌ട്രേലിയയിൽ കേരളത്തിന്റെ തനത് വാദ്യകലയായ ചെണ്ടമേളത്തിന്റെ പെരുമയുയർത്തി യുവ ചെണ്ടമേള സംഘമായ ‘സിഡ്‌നി മേളം’ ശ്രദ്ധേയമാകുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പരമ്പരാഗത വാദ്യസംഘങ്ങളിൽ ഒന്നായ സിഡ്‌നി മേളം, സിഡ്‌നിയിലെ ഒന്നാം നമ്പർ യൂത്ത് ചെണ്ടമേളം ട്രൂപ്പാണ്.
2024-ൽ പ്രവർത്തനമാരംഭിച്ച ഈ സംഘം ഇതിനോടകം തന്നെ സിഡ്‌നിയിലെ വിവിധയിടങ്ങളിലായി അമ്പതിലധികം വേദികളിൽ തങ്ങളുടെ താളവിസ്മയം തീർത്തുകഴിഞ്ഞു. ഓണാഘോഷങ്ങൾ, വിവാഹങ്ങൾ, പിറന്നാൾ ആഘോഷങ്ങൾ, പള്ളിപ്പെരുന്നാളുകൾ, സാംസ്കാരിക-സാമൂഹിക കൂട്ടായ്മകൾ തുടങ്ങി നിരവധി പരിപാടികളിലാണ് സംഘം ഊർജ്ജസ്വലമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ളത്.
പരമ്പരാഗത ചെണ്ടമേളത്തിന് പുറമെ, കേരളത്തിന്റെ വാദ്യതാളങ്ങളെ ആധുനിക സംഗീതവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ‘ഡിജെ ഫ്യൂഷൻ & മേളം’ (DJ Fusion & Melam) പരിപാടികളും സിഡ്‌നി മേളം അവതരിപ്പിക്കുന്നുണ്ട്. യുവകലാകാരന്മാരുടെ പങ്കാളിത്തം, പ്രൊഫഷണൽ അവതരണശൈലി, കേരളത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിലുള്ള പ്രതിബദ്ധത എന്നിവയിലൂടെ ന്യൂ സൗത്ത് വെയിൽസിലെ സംഘാടകരുടെ മുൻനിര ചോയിസായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട് സിഡ്‌നി മേളത്തിന് സാധിച്ചിട്ടുണ്ട്.






