ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട് ഒമാനുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. കടലിടുക്ക് തുറക്കുന്നതു സംബന്ധിച്ച തീരുമാനം ജൂണിൽ അമേരിക്കയും ഇറാനും ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകളോടുള്ള അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചായിരിക്കുമെന്നും ഇറാൻ വ്യക്തമാക്കി.
ഹോർമുസ് വിഷയത്തിൽ ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് അരാഗ്ചിയുടെ പ്രതികരണം. അതേസമയം, ഖത്തർ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇറാനിയൻ പൈലറ്റുമാരുടെ കാര്യത്തിൽ അന്വേഷണം നടത്താൻ അനുമതി നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, ഇറാനെ സാമ്പത്തികമായി കൂടുതൽ സമ്മർദത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ആക്രമണം അവസാനിപ്പിച്ചതിന് ശേഷവും ഇറാനെ സാമ്പത്തികമായി കൂടുതൽ സമ്മർദത്തിലാക്കാനുള്ള നടപടികൾ തുടരുമെന്നും ഉയർന്ന ഇന്ധനവില കുറച്ചുകാലം കൂടി ജനങ്ങൾക്ക് നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് ആഗോള എണ്ണ-വാതക ഗതാഗതത്തിലെ പ്രധാന പാതയാണ്. നിലവിലെ പ്രതിസന്ധിക്കിടെ ഇതിലൂടെയുള്ള കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് 16ന് കടലിടുക്കിലൂടെ ചരക്ക് കപ്പലുകളുടെ ഗതാഗതം വളരെ താഴ്ന്ന നിലയിലായിരുന്നുവെന്ന് കപ്പൽ നിരീക്ഷണ വിവരങ്ങൾ വ്യക്തമാക്കുന്നു.

