ബുക്കാറസ്റ്റ്: അനുമതിയില്ലാതെ റുമാനിയൻ വ്യോമപരിധിയിൽ പ്രവേശിച്ച ഡ്രോണിനെ നാറ്റോയുടെ എയർ പൊലീസിങ് ദൗത്യത്തിന്റെ ഭാഗമായ എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടു. റുമാനിയൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഡ്രോൺ ഏത് രാജ്യത്തിന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അയൽരാജ്യമായ മോൾഡോവ വഴിയാണ് ഡ്രോൺ റുമാനിയയിൽ പ്രവേശിച്ചതെന്നാണ് പ്രാഥമിക വിവരം. ഗലാറ്റി നഗരത്തിന് സമീപം റുമാനിയൻ വ്യോമപരിധിയിൽ കടന്ന ഡ്രോണിനെ നിരീക്ഷിച്ചശേഷമാണ് നാറ്റോ ദൗത്യത്തിന്റെ ഭാഗമായി റുമാനിയയിൽ നിലയുറപ്പിച്ചിരുന്ന സ്പാനിഷ് എഫ്-18 വിമാനങ്ങൾ നടപടി സ്വീകരിച്ചത്. ഡ്രോൺ ജനവാസമില്ലാത്ത പ്രദേശത്ത് തകർന്നുവീണതായാണ് റിപ്പോർട്ട്.
യുക്രെയ്നെതിരായ റഷ്യൻ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഡ്രോൺ നീക്കങ്ങളുടെ ഭാഗമായി റുമാനിയൻ വ്യോമപരിധിയിൽ ഇത്തരം കടന്നുകയറ്റങ്ങൾ ആവർത്തിക്കുന്നുണ്ട്. പുതിയ സംഭവത്തിലെ ഡ്രോൺ റഷ്യൻതേതായിരിക്കാമെന്ന സംശയം ഉയർന്നിട്ടുണ്ടെങ്കിലും, റുമാനിയൻ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ഈ വർഷം റുമാനിയൻ വ്യോമപരിധിയിൽ ഡ്രോൺ കടന്നുകയറ്റത്തെ തുടർന്ന് നടപടി സ്വീകരിക്കുന്ന നാലാമത്തെ സംഭവമാണിത്. നാറ്റോ അംഗമായ റുമാനിയ യുക്രെയ്നുമായി 614 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സാഹചര്യത്തിൽ, യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട വ്യോമ ഭീഷണികൾ രാജ്യത്തിന് തുടർച്ചയായ സുരക്ഷാ വെല്ലുവിളിയാണ്.

