പി.എസ്.സി പരീക്ഷാ ക്രമക്കേട്: ഗവർണർ നിയമസാധ്യത തേടുന്നു; രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ നീക്കം

തിരുവനന്തപുരം: കേരള പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടൽ ശക്തമാക്കുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട് നൂറോളം പരാതികൾ ഉയർന്ന സാഹചര്യത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുന്നതിനുള്ള നടപടികളാണ് രാജ്ഭവൻ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.

പി.എസ്.സി ഭരണഘടനാ സ്ഥാപനമായതിനാൽ അതിനെതിരേ സ്വീകരിക്കാവുന്ന നടപടികളുടെ നിയമസാധ്യത സംബന്ധിച്ച് ഗവർണർ നിയമോപദേശം തേടിയതായാണ് രാജ്ഭവൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. വിഷയം രാഷ്ട്രപതി സുപ്രീംകോടതിയുടെ അന്വേഷണത്തിന് വിട്ടാൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും സസ്പെൻഡ് ചെയ്യാൻ ഗവർണർക്ക് കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നതായാണ് വിവരം.

സുപ്രീംകോടതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പി.എസ്.സിയെ പിരിച്ചുവിടാൻ ഭരണഘടനാപരമായി സാധിക്കുമോ എന്നതും പരിശോധിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ നടപടികളിലും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണത്തിലും ഗവർണർ തൃപ്തനല്ലെന്നാണ് രാജ്ഭവൻ വൃത്തങ്ങളുടെ വിശദീകരണം.

അതേസമയം, പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ പരാതികളിലും അന്വേഷണം പൂർത്തിയായിട്ടില്ല. നിലവിൽ ഒരു പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റ് പരാതികൾ പരിശോധിച്ചുവരികയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണം നടത്താൻ ഐ.ജി എസ്. അജിത ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നേരത്തെ രൂപീകരിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *