യുജിസി നെറ്റ് പരീക്ഷയിൽ വീഴ്ച; കർശന നടപടിക്ക് എൻടിഎ

ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയുടെ നടത്തിപ്പിലുണ്ടായ വീഴ്ചകളിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷാ നടപടികൾ കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കുന്നതിനുള്ള മാറ്റങ്ങൾ നടപ്പാക്കുമെന്നും എൻടിഎ അറിയിച്ചു.

പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എൻടിഎ അധികൃതരുമായി ചർച്ച നടത്തി. പരീക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും പരീക്ഷാ നടപടികൾ സമഗ്ര ഓഡിറ്റിന് വിധേയമാക്കണമെന്നും മന്ത്രി നിർദേശിച്ചു. തിരുത്തൽ നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്.

ഗുരുതരമായ പരിശോധനാ വീഴ്ചകളെ തുടർന്ന് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനും എൻടിഎ തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒമ്പതിനും പത്തിനുമാണ് പുനഃപരീക്ഷ.

സെപ്റ്റംബർ ഒമ്പതിന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ ഇംഗ്ലീഷ് പരീക്ഷയും ഉച്ചയ്ക്ക് മൂന്ന് മുതൽ വൈകിട്ട് ആറ് വരെ കൊമേഴ്സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ പത്തിന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *