വാഷിങ്ടൺ: ഇറാനെതിരായ യുഎസ് സൈനിക നടപടികളുടെ ഭാഗമായി മധ്യപൂർവദേശത്ത് വിന്യസിച്ചിരിക്കുന്ന യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണിലെ സൈനികർ ദീർഘകാലത്തെ തുടർച്ചയായ കടൽവിന്യാസം മൂലം മാനസിക സമ്മർദം നേരിടുന്നതായി റിപ്പോർട്ട്. ഏകദേശം 5,000 സൈനികരും മറീനുകളുമുള്ള കപ്പൽ 200 ദിവസത്തിലേറെയായി തുടർച്ചയായി കടലിലാണ്.
നീണ്ട വിന്യാസവും കുടുംബങ്ങളിൽനിന്നുള്ള അകൽച്ചയും വിശ്രമത്തിനുള്ള പരിമിതമായ അവസരങ്ങളുമാണ് സൈനികരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നത്. ചില സൈനികരുടെ കുടുംബങ്ങൾ ആത്മഹത്യാശ്രമങ്ങൾ ഉൾപ്പെടെയുള്ള ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിച്ചിട്ടുണ്ട്. കപ്പലിലെ ഭക്ഷണം, കുടിവെള്ളം, ശുചിത്വം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച പരാതികളും ഉയർന്നിട്ടുണ്ട്.
അതേസമയം, കപ്പലിലെ സാഹചര്യം സംബന്ധിച്ച റിപ്പോർട്ടുകൾ “തെറ്റായി ചിത്രീകരിച്ചതാണ്” എന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നിലപാട്. യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറും കപ്പൽ സന്ദർശിച്ച ശേഷം സൈനികരുടെ ആത്മവിശ്വാസത്തെയും നേതൃത്വത്തെയും പ്രശംസിച്ചു. ലിങ്കണിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കേസുകളുടെ നിരക്ക് സജീവ സേവനത്തിലുള്ള 11 യുഎസ് നാവികവാഹിനികളിൽ ഏറ്റവും കുറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാല വിന്യാസം സംബന്ധിച്ച് യുഎസ് കോൺഗ്രസിലെ ചില അംഗങ്ങളും സൈനികരുടെ കുടുംബങ്ങളും ആശങ്ക ഉയർത്തിയിട്ടുണ്ട്. ലിങ്കണിനെ പകരം മറ്റൊരു വിമാനവാഹിനിക്കപ്പൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

