കേരളത്തിന് പുതിയ മെമു റേക്കുകളില്ല; റെയിൽവേ അവഗണന തുടരുന്നു

കേരളത്തിന് പുതിയ മെമു റേക്കുകളില്ല; റെയിൽവേ അവഗണന തുടരുന്നുതിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് രൂക്ഷമായിട്ടും കേരളത്തിന് പുതിയ മെമു ട്രെയിൻ റേക്കുകൾ അനുവദിക്കുന്നതിൽ റെയിൽവേയുടെ അവഗണന തുടരുന്നു. സംസ്ഥാനത്ത് നിലവിൽ 12 മെമു സർവീസുകളാണ് പ്രധാനമായും സർവീസ് നടത്തുന്നത്. ഇതിൽ എട്ടെണ്ണം ആഴ്ചയിൽ ഒരു ദിവസം അറ്റകുറ്റപ്പണികൾക്കായി സർവീസ് നിർത്തുന്ന സാഹചര്യവുമുണ്ട്.

പുതിയ ത്രീ-ഫേസ് മെമു റേക്കുകൾ കേരളത്തിന് ലഭിച്ചിട്ട് വർഷങ്ങളായി. റേക്ക് ലഭ്യതക്കുറവ് കാരണം തകരാറിലാകുന്ന ട്രെയിനുകൾക്ക് പകരം സർവീസ് നടത്താനും ബുദ്ധിമുട്ടുണ്ട്. കണ്ണൂർ–മംഗളൂരു 132 കിലോമീറ്റർ പാതയിലും നിലവിൽ മെമു സർവീസില്ല. ഷൊർണൂർ–മംഗളൂരു പാതയിലും മെമു സർവീസ് പരിമിതമാണ്.

കേരളത്തിൽ മെമു സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ നേരത്തെ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. 2024ൽ കേരള സന്ദർശനത്തിനിടെ കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. തുടർന്ന് 2025ൽ മെമു റേക്കുകളും റൂട്ടുകളും ഡിവിഷനുകൾക്ക് ആനുപാതികമായി അനുവദിക്കുന്നതിനായി ജീവനക്കാരുടെ പരിശീലന വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.

യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് നിലവിലുള്ള പാസഞ്ചർ ട്രെയിനുകൾ മെമുവാക്കി മാറ്റുന്നതിനുള്ള നടപടികളും ദക്ഷിണ റെയിൽവേ സ്വീകരിച്ചിരുന്നു. എന്നാൽ ആവശ്യത്തിന് റേക്കുകൾ ലഭ്യമല്ലാത്തത് സർവീസുകളുടെ വ്യാപനത്തിന് പ്രധാന തടസ്സമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *