ന്യൂഡൽഹി: രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഇ-കോളി (E. coli) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട്. പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കേരളത്തിൽ നിന്നുള്ള പാലക്കാട് റെയിൽവേ സ്റ്റേഷനും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള 512 നോൺ-സബർബൻ സ്റ്റേഷനുകളിൽ സി.എ.ജി നടത്തിയ വിശദമായ പരിശോധനയിലാണ് ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്. പാലക്കാട്, കോയമ്പത്തൂർ, ഹൈദരാബാദ്, മുംബൈ സി.എസ്.ടി തുടങ്ങിയ പ്രമുഖ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെ കുടിവെള്ള സാംപിളുകളിലാണ് വയറിളക്കം, കിഡ്നി തകരാറുകൾ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതിനുപുറമെ, കുടിവെള്ളത്തിലെ ക്ലോറിൻ അളവിലും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും പരിശോധിച്ച പല സാംപിളുകളിലും ക്ലോറിന്റെ അളവ് കൃത്യമായ പരിധിയിലായിരുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പരിശോധന നടത്തിയ സ്റ്റേഷനുകളിൽ 90 ശതമാനത്തിലും യാത്രക്കാർക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡൽഹി, ഹൗറ, മുംബൈ സെൻട്രൽ തുടങ്ങിയ വലിയ സ്റ്റേഷനുകളിൽ ഉൾപ്പെടെ ശുചിമുറികൾ, വെയിറ്റിംഗ് റൂമുകൾ, ഇരിപ്പിടങ്ങൾ, വേസ്റ്റ് ബിന്നുകൾ തുടങ്ങിയ സൗകര്യങ്ങളുടെ അപര്യാപ്തത രൂക്ഷമാണ്. റെയിൽവേ യാത്രക്കാരുടെ ആരോഗ്യത്തെയും സുരക്ഷയെയും സാരമായി ബാധിക്കുന്ന ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ, അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്

