5 മില്യൺ ഡോളറിന്റെ എൻഡിഐഎസ് തട്ടിപ്പ്; രാജ്യം വിടാൻ ശ്രമിച്ച പ്രൊവൈഡർ അഡ്‌ലെയ്ഡിൽ പിടിയിൽ

അഡ്‌ലെയ്ഡ്: നികുതിദായകരുടെ പണം അപഹരിച്ച കേസിൽ അഞ്ച് മില്യൺ ഡോളറിന്റെ എൻഡിഐഎസ് (NDIS) തട്ടിപ്പ് നടത്തിയ രജിസ്ട്രേഡ് പ്രൊവൈഡറെ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് (AFP) അറസ്റ്റ് ചെയ്തു. അഡ്‌ലെയ്ഡ് വിമാനത്താവളത്തിൽ നിന്ന് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ നാടകീയമായാണ് 38 വയസ്സുള്ള എൻഡിഐഎസ് പ്രൊവൈഡർ ഡയറക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് പിന്നാലെ അഡ്‌ലെയ്ഡ് സിറ്റി വാച്ച്‌ഹൗസിലേക്ക് മാറ്റിയ പ്രതിയെ ഈ മാസം 17-ന് അഡ്‌ലെയ്ഡ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ ഫ്രോഡ് ഫ്യൂഷൻ ടാസ്ക്ഫോഴ്സ് (FFT) നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് എൻഡിഐഎസ് ഫണ്ടിൽ നിന്ന് അനധികൃതമായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വിവരം പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് ഈ വർഷം ജൂൺ 10-ന് മാവ്‌സൺ ലേക്ക്സ് (Mawson Lakes), ബ്ലേക്ക് വ്യൂ (Blakeview), പ്രോസ്പെക്റ്റ് (Prospect) എന്നിവിടങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി 40-ലധികം എൻഡിഐഎസ് പങ്കാളികളുടെ വിവരങ്ങൾ ചോർത്തി നൽകിയ എൻഡിഐഎ (NDIA) ഉദ്യോഗസ്ഥയായ 48 വയസ്സുകാരിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് വിവരങ്ങൾ കൈമാറിയതിന് പ്രതിഫലമായി 53,000 ഡോളറിലധികം ലഭിച്ചതായും ഈ വിവരങ്ങൾ ഉപയോഗിച്ചാണ് 38-കാരൻ 5 മില്യൺ ഡോളറിന്റെ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും അന്വേഷണസംഘം കണ്ടെത്തി.

ക്രിമിനൽ കോഡിലെ സെക്ഷൻ 400.3(1) പ്രകാരം കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്തതിനും, എൻഡിഐഎസ് നിയമം (2013) സെക്ഷൻ 63 പ്രകാരം രഹസ്യവിവരങ്ങൾ അനധികൃതമായി ശേഖരിച്ചതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പരമാവധി 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ദുർബലരായ വിഭാഗങ്ങളെ സഹായിക്കാൻ നൽകുന്ന ഫണ്ടുകൾ തട്ടിയെടുക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് എഎഫ്പി ഡിറ്റക്ടീവ് ആക്ടിങ് ഇൻസ്പെക്ടർ ആരോൺ മിൽസും, എൻഡിഐഎസ് ചൂഷണം ചെയ്യുന്നത് ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് എൻഡിഐഎസ് ക്വാളിറ്റി ആൻഡ് സേഫ്ഗാർഡ് കമ്മീഷണർ ലൂയിസ് ഗ്ലാൻവില്ലും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *