കാൺബറ: രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിമെൻഷ്യ (Dementia) ബാധ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ 50 വയസ്സ് തികയുന്ന പൗരന്മാർക്ക് പ്രധാന ആരോഗ്യ നിർദ്ദേശങ്ങൾ അടങ്ങിയ കത്തുകൾ അയക്കുന്ന പദ്ധതിക്ക് അൽബനീസി സർക്കാർ തുടക്കം കുറിച്ചു. 2025 ജൂലൈ ഒന്നിനും 2026 ജൂൺ 30-നും ഇടയിൽ 50 വയസ്സ് പൂർത്തിയായ ഏകദേശം 3,40,000 ഓസ്ട്രേലിയക്കാർക്കാണ് 2026 ജൂലൈ മധ്യം മുതൽ ആരംഭിച്ച ആദ്യഘട്ടത്തിൽ ഈ കത്തുകൾ ലഭിക്കുന്നത്.
ഓസ്ട്രേലിയക്കാരുടെ മരണത്തിന് കാരണമാകുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് ഡിമെൻഷ്യയെങ്കിലും, ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തിയാൽ 45 ശതമാനം കേസുകളും വൈകിപ്പിക്കാനോ തടയാനോ സാധിക്കുമെന്ന് ഓസ്ട്രേലിയൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത്, ഡിസെബിലിറ്റി ആൻഡ് ഏജിംഗ് വ്യക്തമാക്കുന്നു. സമീകൃതാഹാരം, പതിവ് വ്യായാമം, മദ്യപാനം കുറയ്ക്കൽ, പുകവലി ഉപേക്ഷിക്കൽ എന്നിവയിലൂടെ രോഗസാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും കൃത്യമായ പരിശോധനകൾ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ പദ്ധതി രാജ്യത്തിന്റെ ആരോഗ്യ മുൻഗണനകളിൽ അതീവ പ്രാധാന്യമുള്ളതാണെന്ന് ഫെഡറൽ ആരോഗ്യമന്ത്രി മാർക്ക് ബട്ലർ എംപിയും, 50 വയസ്സ് പൂർത്തിയാകുന്നത് സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാനുള്ള മികച്ച സമയമാണെന്ന് വയോജനക്ഷേമ വകുപ്പ് മന്ത്രി സാം റേ എംപിയും വ്യക്തമാക്കി.
രോഗസാധ്യതകൾ സ്വയം വിലയിരുത്തുന്നതിനായി health.gov.au/dementia എന്ന വെബ്സൈറ്റിലൂടെ സൗജന്യ പരിശോധന നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിഷാദരോഗം, കേൾവി-കാഴ്ച കുറവുകൾ എന്നിവ പരിഹരിക്കുന്നതും ഡിമെൻഷ്യ തടയാൻ സഹായിക്കുമെന്ന് ഡിമെൻഷ്യ ഓസ്ട്രേലിയ സിഇഒ പ്രൊഫസർ ടാനിയ ബുക്കാനൻ ഓർമ്മിപ്പിച്ചു. നിലവിൽ ഏകദേശം 4,60,000 പേർ ഡിമെൻഷ്യ ബാധിതരായി രാജ്യത്തുണ്ടെന്നാണ് കണക്ക്. ജനസംഖ്യയിലെ വാർദ്ധക്യം കാരണം 2065 ഓടെ ഇത് 1.1 ദശലക്ഷമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. രോഗവുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി 1800 100 500 എന്ന നമ്പറിൽ നാഷണൽ ഡിമെൻഷ്യ ഹെൽപ്പ് ലൈനുമായി പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

