ജൂത ദമ്പതികൾക്ക് നേരെ വധഭീഷണിയും വിദ്വേഷ പരാമർശവും; ഐറിഷ് വിനോദസഞ്ചാരിക്കെതിരെ വ്യാപക പ്രതിഷേധം

പാരീസ്: ഫ്രാൻസിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ഓസ്‌ട്രേലിയൻ-ജൂത ദമ്പതികൾക്ക് നേരെ വിനോദസഞ്ചാരിയായ ഐറിഷ് പൗരന്റെ കൊലവിളിയും കടുത്ത സെമിറ്റിക് വിരുദ്ധ പരാമർശവും. തെക്കുകിഴക്കൻ ഫ്രാൻസിലെ ഒരു സൂപ്പർമാർക്കറ്റിൽ വെച്ച് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഫ്രഞ്ച് അധികൃതരും പ്രവാസി സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

സൂപ്പർമാർക്കറ്റിൽ വെച്ച് ‘പാഡി’ എന്ന് പരിചയപ്പെടുത്തിയ ഐറിഷ് പൗരനുമായി ഫുട്ബോളിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അക്രമസ്വഭാവത്തോടെയുള്ള പെരുമാറ്റം ഉണ്ടായത്. ദമ്പതികളിലെ പുരുഷൻ ഫ്രഞ്ച് ഫുട്ബോൾ ജേഴ്സി ധരിച്ചതിനെക്കുറിച്ചുള്ള സൗഹൃദ സംഭാഷണത്തിനിടെ, അയർലൻഡ് സർക്കാരിന്റെ ഇസ്രായേൽ വിരുദ്ധ നയങ്ങൾ കാരണം തങ്ങൾ ഐറിഷ് ജേഴ്സി ധരിക്കില്ലെന്ന് ദമ്പതികൾ വ്യക്തമാക്കിയതോടെയാണ് ഇയാൾ പ്രകോപിതനായത്. തുടർന്ന് ഹിറ്റ്‌ലർ തുടങ്ങി വെച്ചത് പൂർത്തിയാക്കാതിരുന്നത് കഷ്ടമായിപ്പോയി എന്ന് പറഞ്ഞ ഇയാൾ, തലയിലേക്ക് വെടിയുണ്ട പായിക്കുമെന്ന് ആക്രോശിക്കുകയും മോശം പദപ്രയോഗങ്ങൾ നടത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് ദമ്പതികൾ മൊബൈൽ ഫോണിൽ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

ഓസ്‌ട്രേലിയൻ ജൂത അസോസിയേഷൻ (AJA) എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ട ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതോടെ ഫ്രഞ്ച് ഭരണകൂടത്തിലെ പ്രമുഖർ സംഭവത്തെ അപലപിച്ചു. ഫ്രാൻസിൽ സെമിറ്റിക് വിരുദ്ധതയോടും വിദ്വേഷത്തോടും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വിവേചന വിരുദ്ധ വകുപ്പ് മന്ത്രി ഒറോർ ബെർജെ വ്യക്തമാക്കി. ഏത് രാജ്യക്കാരനോ മതവിഭാഗത്തിൽപ്പെട്ട ആളോ ആകട്ടെ, ഒരു വിനോദസഞ്ചാരിക്കെതിരെയും ഇത്തരം വിവേചനമോ ഭീഷണിയോ ഉണ്ടാകാൻ പാടില്ലെന്ന് ചെറുകിട വ്യവസായ മന്ത്രി സെർജ് പാപ്പിനും പ്രതികരിച്ചു.

സംഭവത്തിൽ ദമ്പതികൾ കടുത്ത മാനസിക വിഷമത്തിലാണെന്നും യൂറോപ്പിൽ യാത്ര ചെയ്യുന്ന ജൂത വംശജർ ജാഗ്രത പാലിക്കണമെന്നും എജെഎ പ്രസിഡന്റ് റോബർട്ട് ഗ്രിഗറി അറിയിച്ചു. ഭീഷണി മുഴക്കിയ വ്യക്തിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *