സിഡ്നി: ന്യൂ സൗത്ത് വെയിൽസിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മിൻസ് സർക്കാർ പുതിയ മാർഗ്ഗരേഖ പ്രഖ്യാപിച്ചു. ആറ് പ്രധാന തത്വങ്ങൾ പൂർണ്ണമായും പാലിച്ച് സമർപ്പിക്കുന്ന പദ്ധതികൾക്ക് 75 ദിവസത്തിനകം പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് അനുമതി സംബന്ധിച്ച വിലയിരുത്തലുകൾ പൂർത്തിയാക്കുമെന്നാണ് പുതിയ വ്യവസ്ഥ. എന്നാൽ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കാത്ത പദ്ധതികൾക്ക് പുതിയ ചട്ടങ്ങൾ ഓട്ടോമാറ്റിക് നിരസിക്കലിലേക്ക് (automatic knockback) നയിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ പ്രാദേശിക ജനങ്ങളുടെ ആശങ്ക ശക്തമായി തുടരുകയാണ്.
ശബ്ദ-വായു മലിനീകരണ നിയന്ത്രണത്തിൽ അന്താരാഷ്ട്ര നിലവാരം പുലർത്തുക, ഉപഭോക്താക്കൾക്കോ പൊതുജനങ്ങൾക്കോ അധിക സാമ്പത്തിക ബാധ്യത വരുത്താതെ അധിക ജല-വൈദ്യുതി സംവിധാനങ്ങൾക്ക് സ്വന്തം ചിലവിൽ ഫണ്ട് കണ്ടെത്തുക എന്നിവയാണ് നിർദ്ദേശിച്ചിട്ടുള്ള പ്രധാന തത്വങ്ങൾ. ഇതിനുപുറമെ, പദ്ധതികൾ ആരംഭിക്കുന്നവർ നാല് വർഷത്തിനകം ആവശ്യമായ ഊർജ്ജത്തിന്റെ 100 ശതമാനവും പുതിയ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ഉറപ്പാക്കണമെന്നും ഇതിൽ 40 ശതമാനം കാറ്റാടിപ്പാടങ്ങളിൽ നിന്നായിരിക്കണമെന്നും നിബന്ധനയുണ്ട്. പുതിയ മാർഗ്ഗരേഖ നിക്ഷേപകർക്കും സമൂഹത്തിനും ഒരേപോലെ വ്യക്തത നൽകുന്ന ഉയർന്ന മാനദണ്ഡമാണെന്ന് എൻഎസ്ഡബ്ല്യു ട്രഷറർ ഡാനിയൽ മൂഖി അഭിപ്രായപ്പെട്ടു.
അതേസമയം, ഈ മാർഗ്ഗരേഖകൾ പാലിക്കാത്ത പദ്ധതികൾ നേരിട്ട് റദ്ദാക്കപ്പെടില്ലെന്നും, മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് വേഗത്തിലുള്ള അനുമതി ലഭിക്കുമെന്നത് മാത്രമാണ് പ്രത്യേകതയെന്നും പ്ലാനിംഗ് മന്ത്രി പോൾ സ്കല്ലി വ്യക്തമാക്കി. മാർഗ്ഗരേഖ പാലിക്കാത്ത പദ്ധതികൾക്കും വികസന സാധ്യതകൾ പരീക്ഷിക്കാമെന്നും അവ സാധാരണ പ്ലാനിംഗ് പരിശോധനകൾക്കും ജനകീയ അഭിപ്രായ രൂപീകരണത്തിനും വിധേയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സതേൺ ഹൈലാൻഡ്സിലെ മോസ് വെയിലിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള 673 മെഗാവാട്ട് ഗ്യാസ് പ്ലാന്റ് അധിഷ്ഠിത ഡാറ്റാ സെന്റർ ഉൾപ്പെടെ സംസ്ഥാനത്ത് നിലവിൽ 50.3 ബില്യൺ ഡോളർ മൂല്യമുള്ള 19 ഡാറ്റാ സെന്റർ പദ്ധതികളാണ് പരിഗണനയിലുള്ളത്. പുതിയ മാർഗ്ഗരേഖകൾ മോസ് വെയിൽ പോലെയുള്ള വിവാദ പദ്ധതികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് വിംഗേകാരിബി ഷയറിലെ ഗ്രീൻസ് കൗൺസിലർ ഹെതർ ചാമ്പ്യൻ ചൂണ്ടിക്കാട്ടി. അതിവേഗ അനുമതി ലഭിച്ചില്ലെങ്കിലും ഇത്തരം പ്രൊജക്ടുകൾ നിയമലംഘനമായി കണക്കാക്കി പൂർണ്ണമായി തള്ളിക്കളയുന്നില്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നതെന്നും അവർ പറഞ്ഞു.
ഡാറ്റാ സെന്ററുകൾ സൃഷ്ടിക്കുന്ന ഭൂമി, ജലം, ഊർജ്ജ ഉപയോഗങ്ങളിലെ വലിയ പ്രതിസന്ധികൾക്കിടയിൽ ഫെഡറൽ സർക്കാർ ദേശീയ തലത്തിൽ ഒരു റഗുലേറ്ററി ചട്ടക്കൂട് കൊണ്ടുവരാൻ ഒരുങ്ങുന്നതിനിടെയാണ് എൻഎസ്ഡബ്ല്യുവിന്റെ ഈ നടപടി. സംസ്ഥാനത്തെ പുതിയ ചട്ടക്കൂട് ഫെഡറൽ നയങ്ങളുമായി പൂർണ്ണമായും ഒത്തുപോകുന്നതാണെന്ന് ഊർജ്ജ മന്ത്രി പെന്നി ഷാർപ്പ് വ്യക്തമാക്കി

