പെർത്ത്: കൂട്ടംതെറ്റി വഴിതെറ്റിപ്പോയ ചെമ്മരിയാടിന് കാട്ടുനായ്ക്കളുടെ (ഡിംഗോ) മുന്നിൽനിന്ന് രക്ഷകരായി വെസ്റ്റേൺ ഓസ്ട്രേലിയയിലെ യൂക്ല പോലീസ്. ഒറ്റപ്പെട്ടുപോയ ആടിനെ ലക്ഷ്യമിട്ട് രണ്ട് പ്രാദേശിക ഡിംഗോകൾ സമീപത്ത് നിലയുറപ്പിച്ചിരുന്ന സമയത്താണ് പോലീസിന്റെ സമയോചിതമായ ഇടപെടൽ ഉണ്ടായത്.
ഡിംഗോകൾ ആടിനെ ആക്രമിക്കാൻ ഒരുങ്ങുന്നതിന് തൊട്ടുമുമ്പ് പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അതിനെ സുരക്ഷിതമായി തങ്ങളുടെ വാഹനത്തിലേക്ക് മാറ്റി. തുടർന്ന് ആടിനെ പരിക്കുകളൊന്നുമില്ലാതെ ഉടമസ്ഥർക്ക് കൈമാറി.
ഡിംഗോകളുടെ ഉച്ചഭക്ഷണ പദ്ധതികൾ മാത്രമാണ് ഇവിടെ തകിടം മറിഞ്ഞതെന്ന് പോലീസ് തമാശയായി കുറിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് മിണ്ടാപ്രാണിയെ സമയോചിതമായി രക്ഷപ്പെടുത്തിയ യൂക്ല പോലീസിന്റെ കാരുണ്യപ്രവർത്തനത്തിന് സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിക്കുന്നത്.

