മെൽബൺ: തെക്കുകിഴക്കൻ മെൽബണിലെ ഡൊവെറ്റണിൽ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പുരുഷൻ മരിച്ചു. മരണത്തിൽ ദുരൂഹത സംശയിക്കുന്നതിനെത്തുടർന്ന് ഹോമിസൈഡ് സ്ക്വാഡ് ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ 11.30-ഓടെ ഡൊവെറ്റണിലെ ബാങ്ക്സിയ സ്ട്രീറ്റിലുള്ള വീട്ടിലേക്കാണ് എമർജൻസി സർവീസുകൾക്ക് സന്ദേശം ലഭിച്ചത്. വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീ പ്രഥമശുശ്രൂഷ നൽകാൻ ശ്രമിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് പ്രദേശം ക്രൈം സീനായി പ്രഖ്യാപിച്ച പോലീസ്, ഫോറൻസിക് വിദഗ്ധരെയും ഡിറ്റക്ടീവുകളെയും സ്ഥലത്തെത്തിച്ച് വിശദമായ പരിശോധന നടത്തി. മരണകാരണം എന്താണെന്നോ സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നോ ഉള്ള വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. ബാങ്ക്സിയ സ്ട്രീറ്റ് പരിസരത്ത് എന്തെങ്കിലും അസ്വാഭാവികമായ സാഹചര്യങ്ങളോ ശബ്ദങ്ങളോ ശ്രദ്ധയിൽപ്പെട്ടവർ ഉടൻ തന്നെ ‘ക്രൈം സ്റ്റോപ്പേഴ്സ്’ വഴി വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

