കാൻബറ: ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ റെയ്ഡിൽ മാരകായുധങ്ങളും മയക്കുമരുന്നുമായി 36-കാരൻ പിടിയിലായി. കാൻബറയിലെ കമ്പാ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. എ.സി.ടി (ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി) പോലീസിന്റെ ‘ടാസ്ക്ഫോഴ്സ് ഇൻവിദിയ’ നടത്തുന്ന ലഹരിവിരുദ്ധ അന്വേഷണങ്ങളുടെ ഭാഗമായാണ് റെയ്ഡ് നടന്നത്.
വ്യാഴാഴ്ച വൈകുന്നേരം 4.30-ഓടെ കമ്പായിലെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് വൻതോതിൽ ലഹരിമരുന്നുകളും ആയുധങ്ങളും കണ്ടെടുത്തത്. മെത്താംഫെറ്റാമൈൻ എന്ന് സംശയിക്കുന്ന 35 ഗ്രാം ക്രിസ്റ്റലിൻ പദാർത്ഥവും സ്റ്റിറോയിഡുകൾ അടങ്ങിയ രണ്ട് കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തു.
ഇതിനുപുറമെ, രണ്ട് വലിയ കത്തികൾ ,ടോമാഹോക്ക് കോടാലി, മൂന്ന് ടേസറുകൾ , രണ്ട് ബാറ്റണുകൾ, നക്കിൾ ഡസ്റ്ററുകൾ എന്നിവയുൾപ്പെടെയുള്ള നിരോധിത ആയുധങ്ങളും ‘കൊമാഞ്ചെറോ’ എന്ന നിരോധിത ബൈക്ക് സംഘത്തിന്റെ വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും പോലീസ് കണ്ടെടുത്തു.
നിരോധിത ആയുധങ്ങൾ കൈവശം വെച്ചതിന് ആറ് വകുപ്പുകളും മയക്കുമരുന്ന് കടത്തിന് ഒരു വകുപ്പും ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

