മോസ്കോ: ഇന്ത്യയുടെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെയും രാജ്യം കാത്തുസൂക്ഷിക്കുന്ന ഐക്യത്തെയും വാനോളം പ്രകീർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. വൈവിധ്യങ്ങൾക്കിടയിലും രാജ്യം നിലനിർത്തുന്ന ഒത്തൊരുമ ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തിന് മികച്ച മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാൽഡായി ഡിസ്കഷൻ ക്ലബ്ബിന്റെ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
ഇന്ത്യൻ സംസ്കാരം അത്ഭുതപ്പെടുത്തുന്ന തരത്തിൽ അദ്വിതീയവും വൈവിധ്യപൂർണ്ണവുമാണെന്ന് റഷ്യൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ട പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ത സംസ്കാരങ്ങളും ആചാരങ്ങളും ചരിത്രവുമുള്ള വിവിധ രാജ്യങ്ങൾക്ക് പരസ്പരം എങ്ങനെ മികച്ച ബന്ധം സ്ഥാപിക്കാമെന്നതിന് ഇന്ത്യയുടെ അനുഭവസമ്പത്ത് വലിയൊരു മാതൃകയാണെന്ന് പുടിൻ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിസ്തൃതിയും ബഹുസ്വരതയും ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സമീപകാല കൂടിക്കാഴ്ചകളിൽ, ഇന്ത്യയിലുടനീളം സംസാരിക്കപ്പെടുന്ന നൂറുകണക്കിന് ഭാഷകളെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച വിവരങ്ങളും പുടിൻ തന്റെ പ്രസംഗത്തിൽ പ്രത്യേകമായി അനുസ്മരിച്ചു

