ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു; സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

തിരുവനന്തപുരം: ഭൂമിയുടെ വിൽപനയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഒഴിവാക്കാൻ ഭൂവുടമയോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത തിരുവനന്തപുരം നഗരസഭയിലെ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ ഒളിക്യാമറയിൽ കുടുങ്ങി. പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്‌ഐയെക്കൊണ്ട് സ്ഥലത്ത് കൊടികുത്തിക്കുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുമെന്നും കൗൺസിലർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും ശബ്ദരേഖയുമാണ് പുറത്തുവന്നത്.

പേയാട് സ്വദേശി സഞ്ജുവിന്റെ തൃക്കണ്ണാപുരം എംഎൽഎ റോഡിനോട് ചേർന്നുള്ള 19 സെന്റ് സ്ഥലം പ്ലോട്ടുകളാക്കി വിൽക്കുന്നതിനിടെയാണ് കൗൺസിലറുടെ അനധികൃത ഇടപെടലുണ്ടായത്. ഭൂമിയിൽ പുറമ്പോക്ക് ഉണ്ടെന്നും അത് ഒതുക്കിത്തരാമെന്നും അല്ലെങ്കിൽ തരംമാറ്റി വിൽക്കാൻ സഹായിക്കാമെന്നും പറഞ്ഞാണ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. അടിയന്തരമായി മൂന്ന് ലക്ഷം രൂപയെങ്കിലും നൽകണമെന്നും, മറ്റ് രാഷ്ട്രീയ പാർട്ടികൾ ഇടപെട്ടാൽ പണിമുടങ്ങുമെന്നും ഫോൺ സംഭാഷണത്തിൽ കൗൺസിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പോലീസിനെയും വില്ലേജ് ഓഫീസറെയും കൊണ്ട് പണി തടയിപ്പിക്കുമെന്നും പാർട്ടിക്കാർ കൊടികുത്തിയാൽ പണം മുഴുവൻ ബ്ലോക്കാകുമെന്നും ഇയാൾ ഭീഷണി മുഴക്കി.

എന്നാൽ, വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനകൾക്ക് ശേഷമാണ് വസ്തുവിന്റെ പോക്കുവരവ് പൂർത്തിയായതെന്നും ഭൂമിക്ക് നിയമപരമായ മറ്റ് തടസ്സങ്ങളൊന്നുമില്ലെന്നും ഉടമ സഞ്ജു വ്യക്തമാക്കി. കൗൺസിലറുടെ ഭീഷണിക്കെതിരെ കോർപ്പറേഷൻ അധികാരികളെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഭൂവുടമ ആരോപിച്ചു. തുടർന്ന് ഇയാൾ പോലീസിനും ആഭ്യന്തര മന്ത്രിക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഒളിക്യാമറ ദൃശ്യങ്ങളും ഫോൺ സംഭാഷണവും പുറത്തുവന്നതോടെ സംഭവം തലസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *