തിരുവനന്തപുരം: കാമ്പസുകളിലെ ഓണാഘോഷങ്ങൾക്കിടയിൽ വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി വിദ്യാർത്ഥികൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി സുരക്ഷിത ക്യാമ്പസ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
വിദ്യാർത്ഥികളുടെ വാഹനങ്ങൾ ക്യാമ്പസ് ഗേറ്റിന് സമീപമുള്ള നിശ്ചിത പാർക്കിംഗ് ഏരിയകളിൽ മാത്രമേ പാർക്ക് ചെയ്യാവൂ. സൈലൻസർ മാറ്റിയതും രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങൾ, വലിയ സ്പീക്കറുകൾ ഘടിപ്പിച്ചവ, ഹെവി വാഹനങ്ങൾ എന്നിവയ്ക്ക് ക്യാമ്പസിനുള്ളിലേക്ക് പ്രവേശനം അനുവദിക്കില്ല. ബൈക്ക്-കാർ റാലികൾ, ഡ്രിഫ്റ്റിങ്, ബോണറ്റിലും റൂഫിലും ഇരുന്നുകൊണ്ടുള്ള യാത്രകൾ, മറ്റ് അപകടകരമായ സ്റ്റണ്ടുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം.
ക്യാമ്പസിനുള്ളിൽ വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 15 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ആഘോഷങ്ങളുടെ വിവരങ്ങളും സമയക്രമവും മുൻകൂട്ടി ലോക്കൽ പോലീസ് സ്റ്റേഷനിലും സബ്/റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലും (RTO/SRTO) അറിയിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

